വയനാട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് മുറിവിനേക്കാൾ വേദന മനസിനാണ്, അത്തരക്കാരെ കൗൺസിലിംഗ് നൽകി തിരികെ കൊണ്ട് വരേണ്ടതുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കുടുങ്ങിപോയവർക്ക് ഭക്ഷണവും മറ്റവശ്യവസ്തുക്കളും എത്തിച്ചു നൽകി. ക്യാമ്പുകളിൽ കഴിയുന്ന 3069 ആളുകൾക്ക് സഹായവുമായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്. മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.
എല്ലാ ജില്ലകളിൽ നിന്നും സഹായങ്ങൾ എത്തുന്നുണ്ട്. ആശുപത്രകളിൽ വെന്റിലേറ്റർ ഉൾപ്പടെയുള്ള തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവർക്കും മികച്ച സേവനം ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധപ്രവർത്തകരും സർക്കാരും എല്ലാ രീതിയിലും ദുരിതബാധിതർക്ക് സഹായങ്ങൾ നൽകുന്നുണ്ട്. കാണാതായവരെ കണ്ടെത്തുക എന്നതാണ് മുന്നിലുള്ള കടമ്പ. അതിനുവേണ്ട പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിങ്ങനെ തങ്ങളാൽ കഴിയുന്ന വിധത്തിൽ എല്ലാപേരും സഹായിക്കുന്നുണ്ട്. അതിന് മുഖ്യമന്ത്രി തന്നെ നേതൃത്വം നൽകുന്നുമുണ്ട്.
കടുത്ത മാനസിക ബുദ്ധിമുട്ടാണ് പലരും നേരിടുന്നത്. അല്പസമയം മുൻപ് ഭക്ഷണം കഴിച്ച് അടുത്ത മുറിയിലേക്ക് കിടക്കാൻ പോയവരാണ് ഒളിച്ച് പോയത്. ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത മാനസിക സാഹചര്യത്തിലാണ് ഓരോരുത്തരും. ജീവൻ നിലനിർത്തും പോലെ തന്നെ പ്രധാനമാണ് ഇവരുടെ മാനസിക നില സാധാരഗതിയിലാക്കുക എന്നതും. ഇതിനുവേണ്ടിയുള്ള കാര്യങ്ങളും സർക്കാർ തീർച്ചയായും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here