സ്പെഷ്യൽ സ്കൂൾ പാക്കേജ്: ധനസഹായ വിതരണത്തിന് സമഗ്ര മാനദണ്ഡ രേഖ പ്രയോജനപ്പെടുമെന്ന് മന്ത്രി വി.ശിവൻകുട്ടി

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു വേണ്ടി എൻ.ജി.ഒ.കൾ നടത്തുന്ന സ്പെഷ്യൽ സ്കൂളുകൾക്കായുള്ള സ്പെഷ്യൽ സ്കൂൾ പാക്കേജ് തുക വിതരണം ചെയ്യുന്നതിന് സമഗ്ര മാനദണ്ഡ രേഖ സർക്കാർ പുറത്തിറക്കി. ധനസഹായ വിതരണത്തിന് സ്കൂളുകളെ ഗ്രേഡിംഗ് നടത്തി തെരഞ്ഞെടുക്കുന്നതിനാണ് സമഗ്ര മാനദണ്ഡ രേഖ പുറത്തിറക്കിയത്.

സ്പെഷ്യൽ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും സമ്പൂർണ്ണ മാനദണ്ഡ രേഖ ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി.

മാനദണ്ഡങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ സ്കൂളുകളുടെ സംഘടനയും മാനേജ്മെന്റുകളും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്) ചെയർമാനായ സമിതി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത്.

സ്പെഷ്യൽ സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർ പരിശോധന നടത്തും. ഈ പരിശോധന കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്താൻ സർക്കാർ തലത്തിലും പരിശോധനകൾ ഉണ്ടാകും. ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിംഗ് അന്തിമമാക്കുന്നത്.

ധനസഹായ വിതരണത്തിന് സ്കൂളുകൾക്ക് പ്രയോജനമാകുന്ന തരത്തിൽ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി ജൂൺ മാസം എല്ലാ പൊതുവിദ്യാലയങ്ങളിലും ആറാമത്തെ പ്രവൃത്തി ദിവസം കുട്ടികളുടെ എണ്ണമെടുക്കുന്നത് പോലെ ജൂൺ 15 ന് മുമ്പായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും. ജൂലൈ ആദ്യ വാരത്തിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും. വിശദമായ റിപ്പോർട്ട് ജൂലൈ 31 നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതും ആയത് സൂക്ഷ്മ പരിശോധന നടത്തി ആഗസ്റ്റ് 15 ന് ഇത് സർക്കാരിന് സമർപ്പിക്കേണ്ടതുമാണ്.

ആഗസ്റ്റ് 31 നകം തന്നെ സർക്കാർ തലത്തിൽ പരിശോധന നടത്തി സെപ്തംബർ രണ്ടാം വാരത്തിനകം ഗ്രാന്റ്-ഇൻ-എയിഡ് കമ്മിറ്റി യോഗം ചേരും. സെപ്തംബർ മാസം അവസാനത്തോടുകൂടി ആവശ്യമായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകും. സ്റ്റാഫിന് 5 മാസത്തേക്കുള്ള ഓണറേറിയം വിതരണം ചെയ്യും. ബാക്കി ഘടകങ്ങൾക്ക് വരുന്ന തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം തന്നെ അനുവദിക്കും. ഓരോ അക്കാദമിക് വർഷം ആരംഭിക്കുമ്പോഴും ആവശ്യമായ പരിശോധന പൂർത്തിയാക്കി പാക്കേജിന്റെ ആദ്യ ഗഡു സെപ്തംബർ മാസം അവസാനത്തിന് മുമ്പായി റിലീസ് ചെയ്തു നൽകാൻ കഴിയുന്ന വിധത്തിൽ നടപടികൾ ത്വരിതപ്പെടുത്തും.

ആദ്യ ഗഡുവായി അനുവദിക്കുന്ന തുക പൂർണ്ണമായി ചെലവഴിച്ച് അതിന്റെ വിനിയോഗ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളിൽ സമർപ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സ്കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകളായി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News