ഞാനും ‘ഗഫൂര്‍ കാ ദോസ്ത്’ ആണ്. സങ്കടപ്പെടുന്ന ഒരു ദോസ്ത്.. മാമുക്കോയുടെ നിര്യാണത്തില്‍ മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു

നടന്‍ മാമുക്കോയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി. മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച് മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ അറിയേണ്ടതില്ലെന്നും അദ്ദേഹത്തിലെ സാംസ്‌കാരിക നായകനെയും പുതുതായി പരിചയപ്പെടേണ്ടതില്ലെന്നും അത്രയ്ക്കും സുപരിചിതനാണ് അദ്ദേഹം മലയാളിക്കെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

മാമുക്കോയ എന്ന അഭിനേതാവിനെ കുറിച്ച് മലയാളിക്ക് ഇനിയും വായിച്ചോ കണ്ടോ അറിയേണ്ടതില്ല, അദ്ദേഹത്തിലെ സാംസ്‌കാരിക നായകനെയും പുതുതായി പരിചയപ്പെടേണ്ടതില്ല. അത്രയ്ക്കും സുപരിചിതനാണ് അദ്ദേഹം മലയാളിക്ക്.

ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ‘തഗ്’ ഡയലോഗുകള്‍ മലയാളിക്ക് കാഴ്ചവച്ച സുല്‍ത്താനെ കുറിച്ചാണ്.

”ഗഫൂര്‍ കാ ദോസ്ത്’ എന്ന പ്രയോഗത്തെക്കുറിച്ച് അറിയാത്ത മലയാളി ഉണ്ടോ..! ദാസനും വിജയനും മാത്രമല്ല ”ഗഫൂര്‍ കാ ദോസ്ത്” പറഞ്ഞത്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെ കണ്ടറിഞ്ഞത് മുതല്‍ എല്ലാ മലയാളികളും ‘ഗഫൂര്‍ കാ ദോസ്ത്’ ആണ്.
സീനിനു മുമ്പും ശേഷവും ഗൗരവക്കാരനായ വ്യക്തിയായിരുന്നു നമുക്ക് മാമുക്കോയ. എന്നാല്‍ സീനില്‍ വന്നതിന് ശേഷം ആ സീനിലെ ഹാസ്യം മാത്രമല്ല അദ്ദേഹത്തിന്റെ തഗ് ഡയലോഗുകളും നമ്മോടൊപ്പം തിയേറ്ററിന് പുറത്തിറങ്ങും, നമ്മോടൊപ്പം സഞ്ചരിക്കും. പലപ്പോഴും ആ ഡയലോഗുകള്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം.
‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയില്‍ ഏതാനും മിനിട്ടുകളെ അദ്ദേഹം സ്‌ക്രീനില്‍ ഉള്ളൂ. എന്നാല്‍ ആ ‘സ്‌മൈല്‍ പ്ലീസ്’ നാം എങ്ങനെ മറക്കും?

നിരവധി മികച്ച താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുമ്പോഴും മാമുക്കോയയുടെ കൊടുക്കല്‍ വാങ്ങലുകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കും.
ആര്‍ക്കും അനുകരിക്കാന്‍ ആവാത്ത അഭിനയ ശൈലിയും ഡയലോഗ് ഡെലിവറിയും ആണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ‘റാംജിറാവു സ്പീക്കിംഗ്’ എന്ന സിനിമയില്‍ ‘ ബാലകൃഷ്ണാ..ഇറങ്ങി വാടാ തൊരപ്പാ’ എന്നുപറയുമ്പോള്‍ പച്ചയായ മനുഷ്യന്റെ കോപവും സ്‌നേഹവും നിറഞ്ഞ സംബോധന ആണ് നമുക്ക് അനുഭവപ്പെടുന്നത്. ബാലകൃഷ്ണനെ തിരക്കി ഓഫീസില്‍ കയറുമ്പോള്‍ ഇറങ്ങി വരുന്ന ശങ്കരാടിയോട് മാമുക്കോയ പറയുന്നുണ്ട്,’ സോറി ഇങ്ങളല്ല വേറൊരു തൊരപ്പന്‍ ഉണ്ട്’ എന്ന്.

എത്രയോ മികച്ച കഥാപാത്രങ്ങള്‍ക്കുള്ള കരുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു, പെരുമഴക്കാലത്തിലേതുപോലെ.. എന്നാല്‍ ആ വലിയ നീതി അഭിനയ ജീവിതത്തില്‍ ഈ കോഴിക്കോടന്‍ ശൈലിക്കാരന് ലഭിച്ചില്ല.
എങ്കിലും കുട്ടികളെയും കൗമാരക്കാരെയും യുവാക്കളെയും മധ്യവയസ്‌കരെയും വൃദ്ധരെയും ഒരുപോലെ രസിപ്പിച്ച ഇതിഹാസതാരം തന്നെയാണ് അദ്ദേഹം.

മാമുക്കോയ ഇനിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ എത്രയോ കഥാപാത്രങ്ങള്‍ നമുക്കൊപ്പം ഉണ്ട്.
ഞാനും ‘ഗഫൂര്‍ കാ ദോസ്ത്’ ആണ്.
സങ്കടപ്പെടുന്ന ഒരു ദോസ്ത്..
ആദരാഞ്ജലികള്‍…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News