ഒളിമ്പിക്സ് മാതൃകയിലുള്ള കേരള സ്കൂൾ കായികമേള കൊച്ചി ’24 കേരളത്തിന്റെ കായിക ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. കായിക മേളയിലെ ചീഫ് മിനിസ്റ്റേഴ്സ് എവർ-റോളിങ് ട്രോഫി വഹിച്ച് കൊണ്ടുള്ള വാഹന ജാഥ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി.
കായിക കേരളത്തിന്റെ പ്രതീക്ഷയും അടിത്തറയും പ്രതീകവുമായ മഹൽ സംരംഭമാണ് കേരള സ്കൂൾ കായികമേള. ലോക കായിക മാമാങ്കമായ ഒളിമ്പിക്സ് മാതൃകയിലാണ് ഈ വർഷത്തെ കേരള സ്കൂൾ കായികമേള കൊച്ചി 2024 സംഘടിപ്പിക്കുന്നത്. വികസിത കേരളത്തിന്റെ പ്രതീകമായ കൊച്ചിയിലെ 17 വേദികളിൽ 2024 നവംബർ 4 മുതൽ 11 വരെ നടക്കുന്ന ഈ മഹാ കായിക മാമാങ്കത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായി വരുന്നു. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ, ഗൾഫിലെ കേരള സിലബസിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ കാൽ ലക്ഷത്തോളം കൗമാര കായിക പ്രതിഭകളാണ് ഈ മേഖലയിൽ മാറ്റുരയ്ക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് ആണ് പ്രധാന വേദി.
Also read:കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി
ദീപശിഖാ വാഹന ജാഥ കാസർഗോഡ് നിന്നും പ്രയാണമാരംഭിച്ചു. രണ്ട് ഘോഷയാത്രകളും സംസ്ഥാനത്തെ വിവിധ ജില്ലകൾ സഞ്ചരിച്ച് എറണാകുളം ജില്ലയിൽ പ്രവേശിച്ച് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നവംബർ നാലിന് പ്രധാന വേദിയിൽ എത്തിച്ചേരും. ഘോഷയാത്രയിൽ ഉടനീളം വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതു ജനങ്ങൾക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനും സ്വീകരണങ്ങൾ നൽകുന്നതിനും സൗകര്യമുണ്ടായിരിക്കും. ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണ പരിപാടികൾ അതത് ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here