പ്ലസ് വൺ പ്രവേശനം; താത്കാലിക അധിക ബാച്ചുകൾ അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന് താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു അലോട്മെന്റിലും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്ലസ് വൺ പ്രവേശനത്തിനായി പ്രസ്തുത ജില്ലകളിൽ താത്കാലിക അധിക ബാച്ചുകൾ അനുവദിക്കുന്നത്.

2023-24 അധ്യയന വർഷം സംസ്ഥാനത്ത് ആകെ 4,25,671 (നാലു ലക്ഷത്തി ഇരുപത്തി അയ്യായിരത്തി അറുനൂറ്റി എഴുപത്തൊന്ന്) വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പാസായി ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പ്ലസ് വൺ പഠനത്തിനായി ആകെ 4,33,471 (നാലു ലക്ഷത്തി മുപ്പത്തി മൂവായിരത്തി നാന്നൂറ്റി എഴുപത്തൊന്നു) സീറ്റുകൾ മാർജിനൽ സീറ്റ് വർദ്ധനവ് ഉൾപ്പെടെ സർക്കാർ എയ്ഡഡ്,അൺ-എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ലഭ്യമാണ്. സർക്കാർ,എയ്ഡഡ് മേഖലയിൽ 3,78,580 (മൂന്ന് ലക്ഷത്തി എഴുപത്തിയെട്ടായിരത്തി അഞ്ഞൂറ്റി എണ്പ8ത്) സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്.

ഈ അക്കാദമിക വർഷം പ്ലസ് വൺ പ്രവേശനത്തിന് സീറ്റ് ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനായി അലോട്ട്‌മെന്റുകളുടെ തുടക്കത്തിൽ തന്നെ 2024 മെയ്‌ 8-ലെ സർക്കാർ ഉത്തരവ് പ്രകാരം 2023-24 വർഷം താൽക്കാലികമായി അനുവദിച്ചതും നിലനിർത്തിയതും ഷിഫ്റ്റ് ചെയ്തതുമായ ആകെ 178 ബാച്ചുകൾ തുടരുന്നതിനും മലബാർ മേഖലയിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർദ്ധനയും എല്ലാ എയ്ഡഡ് സ്‌കൂളുകൾക്കും 20 % മാർജിനൽ സീറ്റ് വർദ്ധനയും ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് അധികമായി 10 % മാർജിനൽ സീറ്റ് വർദ്ധനയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

also read: ഒരു സംഘടനയെ മാത്രം ഒറ്റ തിരിഞ്ഞ് ആക്രമിച്ചുള്ള പ്രചരണങ്ങളോട് യോജിപ്പില്ല: മന്ത്രി ആർ ബിന്ദു

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് കഴിഞ്ഞപ്പോൾ സംസ്ഥാനത്ത് മലപ്പുറം, കാസർഗോഡ് ജില്ലകളിൽ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തത ഉണ്ടെന്ന് പ്രാദേശികമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തുകയുണ്ടായി.മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സീറ്റ് പ്രതിസന്ധി സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികളുമായി 2024 ജൂൺ 25 ന് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ പത്താം ക്ലാസിൽ നിന്ന് തുടർപഠന യോഗ്യത നേടിയ എല്ലാവർക്കും ഹയർ സെക്കൻഡറി പഠനത്തിന് അവസരം ലഭിക്കുന്നില്ല എന്ന കാര്യത്തിൽ, കുറവുളള സീറ്റുകളുടെ എണ്ണം പരിശോധിച്ച് ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ താത്കാലിക അഡീഷണൽ ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഹയർസെക്കൻഡറി വിഭാഗം അക്കാദമിക് ജോയിന്റ് ഡയറക്ടർ, മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരെ ചുമതലപ്പെടുത്തി.

പ്രസ്തുത കമ്മിറ്റി ഇപ്പോൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ സ്ഥിതി കണ്ണൂർ വിദ്യാഭ്യാസ ഉപമേധാവിയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടൂണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിച്ച അപേക്ഷകളും ലഭ്യമായ സീറ്റുകളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം, കാസർഗോഡ് ജില്ലകളിലെ വിവിധ താലൂക്കുകളിൽ താൽക്കാലിക അധിക ബാച്ചുകൾ അടിയന്തിരമായി അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ മുഖ്യഘട്ട അലോട്ട്മെന്റുകൾക്ക് ശേഷം പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ താലൂക്കടിസ്ഥാനത്തിൽ വിഷയ കോമ്പിനേഷൻ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ജില്ലയിലെ എല്ലാ താലൂക്കുകളിലും ഹുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ സീറ്റുകളുടെ കുറവ് സമിതി കണ്ടെത്തുകയുണ്ടായി. സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ജില്ലയിലെ 85 സർക്കാർ സ്‌കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ പരിശോധിച്ചതിൽ 74 സ്‌കളുകളിൽ സൗകര്യം ഉണ്ടെന്നു കണ്ടെത്തി. പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുന്ന കാര്യത്തിൽ ഗവ. വിദ്യാലയങ്ങൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ.

2024-25 വർഷത്തെ ഹയർ സെക്കന്ററി മേഖലയിലെ വിദ്യാഭ്യാസ ആവശ്യകത സംബന്ധിച്ച സംസ്ഥാന തല സമിതി, ഇതു സംബന്ധിച്ച റീജിയണല്‍ സമിതികള്‍ ലഭ്യമാക്കിയ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ സമിതി ഇനി പറയുന്ന ശിപാർശകൾ സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

(i) മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകൾ അനുവദിക്കാവുന്നതാണ്.

(ii) കാസറഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ താത്കാലികമായി അനുവദിക്കാവുന്നതാണ്.

ഇനി പറയും പ്രകാരം താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് ഉചിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.‌

(a) ഹുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താത്കാലിക ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കുന്നത് നിലവിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ ഉതകുന്നതാണ്.

(b) മലപ്പുറം ജില്ലയ്ക്ക് പുറമെ കാസർഗോഡ് ജില്ലയിലും വിവിധ താലൂക്കുകളിൽ സീറ്റുകളുടെ കുറവുണ്ട്. ഇതു പരിഹരിഹരിക്കുന്നതിനായി ഒരു സയൻസ് ബാച്ചും 4 ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്‌സ് ബാച്ചുകളും ഉൾപ്പടെ ആകെ 18ബാച്ചുകൾ അനുവദിക്കുന്നതും ഉചിതമാണ്.

മലപ്പുറം ജില്ലയിലും കാസർഗോഡ് ജില്ലയിലുമായി ആകെ 138 താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് ഒരു വർഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാൽപതിനായിരം രൂപയുടെ (14,90,40,000) അധിക സാമ്പത്തിക ബാധ്യത പ്രതീക്ഷിക്കുന്നു.

നേരത്തെ പരാമർശിച്ച റിപ്പോർട്ടുകൾ പ്രകാരം മലപ്പുറം ജില്ലയിൽ 74 സർക്കാർ സ്‌കൂളുകളിലായി 120 ഹയർ സെക്കന്ററി താത്കാലിക ബാച്ചുകൾ അനുവദിക്കുന്നു.കാസർഗോഡ് ജില്ലയിൽ 18 സർക്കാർ സ്‌കൂളുകളിലായി 18 ബാച്ചുകൾ താത്കാലികമായി അനുവദിക്കുന്നു. ഇതോടെ പ്ലസ് വൺ പ്രവേശനം സംബന്ധിച്ച പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

also read: ‘മത്തി ചാടിയാ മുട്ടോളം, പിന്നേം ചാടിയാ ചട്ടീല്’, മുട്ടിലിഴഞ്ഞ് ഇതെങ്ങോട്ട് പോണ്? കുത്തനെ താഴ്ന്ന് വില; ഫാൻസിന് ഇനി ആശ്വസിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News