സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രം രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കരുത്:മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി കേന്ദ്രം രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ കേന്ദ്രം അർദ്ധസത്യങ്ങളാണ് പറയുന്നതെന്ന് മന്ത്രി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ ധനഇടപാടുകൾക്ക് 2021-22 വർഷം പുതിയ സംവിധാനം (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം അഥവാ പി.എഫ്.എം.എസ് ) കേന്ദ്രസർക്കാർ കൊണ്ടുവന്നു. ഒരുവിധത്തിലുമുള്ള മുൻ അറിയിപ്പുകൾ നൽകാതെയും ആവശ്യമായ സാവകാശം നൽകാതെയുമാണ് പുതിയ സംവിധാനം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മുകളിൽ അടിച്ചേൽപ്പിച്ചത്. എന്നിരിക്കിലും, രാജ്യത്തെ മറ്റ് ഏത് സംസ്ഥാനത്തേക്കാളും ഭംഗിയായി പുതിയ സംവിധാനം ചുരുങ്ങിയ സമയത്തിനുള്ളിൽ (ആറ് മാസത്തിനുള്ളിൽ) സ്കൂൾ തലം വരെ എത്തിക്കുവാൻ സംസ്ഥാനത്തിന് കഴിഞ്ഞു. പുതിയ സംവിധാനം കൊണ്ടുവന്ന 2021-22 വർഷം തന്നെ അത് പൂർണ്ണമായും നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി നമ്മൾ മാറി.

2021-22 വർഷം പദ്ധതി നടത്തിപ്പിനായി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന കേന്ദ്രവിഹിതം 321.23 കോടി രൂപയായിരുന്നു. എന്നാൽ, 188.33 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് ലഭ്യമാക്കിയത്. പ്രസ്തുത വർഷം സംസ്ഥാനത്തിന് അർഹതപ്പെട്ട രണ്ടാം ഗഡു കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്രസർക്കാർ നൽകിയില്ല. സാങ്കേതികമായ തടസ്സവാദങ്ങളാണ് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ആഭ്യന്തര ധനകാര്യ വിഭാഗം ഉന്നയിച്ചത്. അതിനൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടും ആ വർഷം തുക അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. പദ്ധതി തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനായി കേന്ദ്രവിഹിതമായി കിട്ടേണ്ട 132.90 കോടി രൂപയും അതിന്റെ സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉൾപ്പടെ 209.68 കോടി രൂപ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവാക്കേണ്ടി വന്നു. തുടർന്ന്, 2022 ജൂലൈ മാസത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേരിട്ട് ഡൽഹിയിൽ പോകുകയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.ധർമേന്ദ്ര പ്രധാൻ അവർകളെ സന്ദർശിച്ച്, സംസ്ഥാനത്തിന് കിട്ടേണ്ട കുടിശ്ശിക കേന്ദ്രവിഹിതം അടിയന്തിരമായി റിലീസ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

Also Read: ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രം അര്‍ഹമായ തുക നല്‍കുന്നില്ല:മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനം നടത്തിയ നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ, 2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ്, അതായത് 2023 മാർച്ച് 30 ന്, 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായ 132.90 കോടി രൂപ കേന്ദ്രസർക്കാർ റിലീസ് ചെയ്തു. ബന്ധപ്പെട്ട വർഷം തുക നൽകാത്തതിനാലും കേന്ദ്രസർക്കാരിന് വേണ്ടി സംസ്ഥാന സർക്കാർ തുക ചെലവഴിച്ചത് പരിഗണിച്ചും re-imbursement എന്ന നിലയിലാണ് കുടിശ്ശിക തുക അനുവദിച്ചത്. ഇക്കാരണത്താൽ തന്നെ, തുക താഴെത്തട്ടിലേക്ക് വിതരണം ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അനുവദിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. എന്നാൽ, ഈ തുകയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും (76.78 കോടി രൂപ) ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്തില്ല എന്ന വിചിത്ര വാദം മുന്നോട്ടുവച്ചാണ് ഇക്കൊല്ലത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപ അനുവദിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത്.

2021-22 വർഷത്തെ അർഹമായ രണ്ടാം ഗഡു കേന്ദ്രവിഹിതം ലഭിക്കാതെ വന്ന ഘട്ടത്തിൽ ഈ തുക സംസ്ഥാനം ചെലവഴിക്കുകയും ആയതിന്റെ കണക്കുകളും ധനവിനിയോഗ പത്രങ്ങളും കേന്ദ്രസർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്രവിഹിതം ഉൾപ്പടെ ആകെ 520 കോടി രൂപയാണ് 2021-22 വർഷം സംസ്ഥാനം പദ്ധതിയ്ക്കായി ചെലവഴിച്ചത്. ഇതിന്റെ വിശദമായ കണക്കുകൾ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തി 2022-23 വർഷത്തിന്റെ തുടക്കത്തിൽ തന്നെ തുടക്കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.അതൊക്കെ കേന്ദ്രസർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ കണക്കുകൾ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2022-23 വർഷം സംസ്ഥാനത്തിനർഹതപ്പെട്ട 292.54 കോടി രൂപയുടെ കേന്ദ്രവിഹിതം പൂർണ്ണമായും സംസ്ഥാനത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ, 2022-23 വർഷം ലഭിച്ച 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതവും അതിന്റെ സംസ്ഥാനവിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് റിലീസ് ചെയ്യണമെന്ന് പറയുന്നത് ഒരിക്കൽ നടത്തിയ ചെലവ് വീണ്ടുമൊരിക്കൽ കൂടി നടത്തണമെന്ന് ആവശ്യപ്പെടുന്നത് പോലെയാണ്. തുക റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വരാവുന്ന അക്കൗണ്ടിംഗ് സംബന്ധമായ പ്രശ്നങ്ങളും അതിന്റെ അപ്രായോഗികതയും ചൂണ്ടിക്കാട്ടി ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ, തുക റിലീസ് ചെയ്യണമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്.

കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള ഈ ദൗർഭാഗ്യകരമായ നിലപാട് കണക്കിലെടുത്തും പദ്ധതി തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ട് പോകുന്നതിനും അതോടൊപ്പം സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കുന്നതിനുമായി 2021-22 വർഷത്തെ കുടിശ്ശിക കേന്ദ്രവിഹിതമായി ലഭിച്ച 132.90 കോടി രൂപയും അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത് 209.68 കോടി രൂപ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അടിയന്തിരമായി റിലീസ് ചെയ്യുവാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും ഇതിനുള്ള ഉത്തരവ് 8 .9.2023 ന് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുക സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ലഭ്യമാക്കി, പി.എഫ്.എം.എസ്സിൽ അതിന്റെ ചെലവ് രേഖപ്പെടുത്തി, തുക തിരികെ സംസ്ഥാന ഖജനാവിലേക്ക് ഒടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതും തുക റിലീസ് ചെയ്ത വിവരം കേന്ദ്രസർക്കാരിനെ അറിയിച്ചുകൊണ്ട് 2023-24 വർഷത്തെ ഒന്നാം ഗഡു കേന്ദ്രവിഹിതം അടിയന്തിരമായി അനുവദിക്കുവാൻ ആവശ്യപ്പെടുന്നതുമാണ്. കേന്ദ്രവിഹിതം ലഭ്യമാകുന്നതിൽ വരുന്ന കാലതാമസം കണക്കിലെടുത്ത് പദ്ധതിക്കുള്ള സംസ്ഥാന മാൻഡേറ്ററി വിഹിതമായ 97.89 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി നടപ്പ് വർഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതം 284.31 കോടി രൂപയാണ്. ആനുപാതിക സംസ്ഥാന വിഹിതമായ 163.15 കോടി രൂപയടക്കം കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള പദ്ധതി അടങ്കൽ തുക 447.46 കോടി രൂപയാണ്. 2022-23 വർഷം മുതൽ രണ്ട് ഗഡുക്കളായാണ് കേന്ദ്രവിഹിതം ലഭിക്കുന്നത്. നിശ്ചയിക്കപ്പെട്ട കേന്ദ്രവിഹിതത്തിന്റെ 60 ശതമാനം തുക ആദ്യ ഗഡുവായും ബാക്കിയുള്ള 40 ശതമാനം തുക രണ്ടാം ഗഡുവായും അനുവദിക്കുന്നു. ഇത് പ്രകാരം നടപ്പ് വർഷത്തെ ആദ്യ ഗഡു കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 170.59 കോടി രൂപയാണ്. ഇത് ലഭിച്ചാൽ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുൾപ്പടെ 268.48 കോടി രൂപ താഴെത്തട്ടിലേക്ക് അനുവദിക്കുവാൻ സാധിക്കുന്നതും അതുവഴി നവംബർ വരെയുള്ള ചെലവുകൾക്ക് സ്കൂളുകൾക്കും മറ്റും പണം തടസമില്ലാതെ ലഭ്യമാകുകയും ചെയ്യും. മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളടക്കം ആദ്യ ഗഡു കേന്ദ്രവിഹിതമായ 170.59 കോടി രൂപയ്ക്കുള്ള വിശദമായ പ്രൊപ്പോസൽ ജൂലൈ 4 ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, പ്രൊപ്പോസൽ സമർപ്പിച്ച് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും സംസ്ഥാനത്തിന് അർഹമായ കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ അനാവശ്യ തടസ്സവാദങ്ങളാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഉന്നയിക്കുന്നത്.

ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് നടപ്പിലാക്കപ്പെടുന്നത്. ചട്ടങ്ങൾ പ്രകാരം, പദ്ധതി നടത്തിപ്പിനുള്ള ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, പദ്ധതിയിൽ പി.എഫ്.എം.എസ് (പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം) നിർബന്ധമാക്കിയ 2021-22 വർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്രവിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്രസർക്കാർ അനുവർത്തിക്കുന്നത്. ഇത് പദ്ധതി നടത്തിപ്പിനെ വലിയ പ്രതിസന്ധിയിയിൽ എത്തിച്ചിട്ടുണ്ട്. കേന്ദ്രവിഹിതം ലഭിക്കുന്നതിൽ വരുന്ന കാലതാമസം കാരണം സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളികൾക്ക്‌ അവരുടെ പ്രതിമാസ ഓണറേറിയം എന്നിവയൊക്കെ സമയബന്ധിതമായി വിതരണം ചെയ്യുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പദ്ധതിയ്ക്കുള്ള കേന്ദ്രവിഹിതമായി പതിനായിരം കോടി രൂപയ്ക്ക് മുകളിൽ തുക നടപ്പ് വർഷത്തെ കേന്ദ്രബഡ്ജറ്റിൽ വകയിരിത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ പകുതി അവസാനിക്കാറാകുമ്പോഴും, ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള ആദ്യ ഗഡു കേന്ദ്രവിഹിതം റിലീസ് ചെയ്യുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

Also Read: ‘രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ്; ജനാധിപത്യപരമായ ഒരു ചര്‍ച്ചയും നടന്നില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News