തദ്ദേശീയ കലകൾ അവതരിപ്പിച്ച് ചരിത്രത്തിലിടം നേടിയ സംസ്ഥാന സ്കൂൾ കലോൽസവത്തിന് നാളെ സമാപനം കുറിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവത്തിലെ ആകെ മൽസരയിനങ്ങളായ 249 എണ്ണത്തിൽ 198 എണ്ണവും പൂർത്തീകരിച്ചെന്നും നാളെ ഉച്ചയോടെ മുഴുവൻ മൽസരങ്ങളും പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കലോൽസവത്തിൻ്റെ സമാപന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ-എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കലോൽസവത്തിലെ മൽസരങ്ങൾ നാളെ ഉച്ചയ്ക്ക് 3.30 യോടെ അപ്പീലിലടക്കം തീർപ്പുണ്ടാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും വൈകീട്ട് 4 മണിയോടെ സ്വർണകപ്പ് വേദിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സമാപന സമ്മേളനം 5 മണിക്കായിരിക്കും തുടങ്ങുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും സിനിമാ താരങ്ങളായ ആസിഫ്, ടൊവിനോ എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളാവുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തദ്ദേശീയ കലകൾക്ക് ഇടം നൽകിയതിലൂടെ ചരിത്രം കുറിച്ചതാണ് ഈ കലോത്സവമെന്നും അന്യം നിൽക്കുന്ന തദ്ദേശീയ കലകൾക്ക് ഇനിയും പ്രോത്സാഹനം നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here