ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അധ്യാപകരുടെ ആശങ്ക അകറ്റാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ 2023- 24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്ടോബര്‍ 25 ന് ക്ഷണിച്ച് 2023 ഡിസംബര്‍ 17 ന് പ്രൊവിഷണല്‍ ലിസ്റ്റും പ്രൊവിഷണല്‍ ലിസ്റ്റിലെ പരാതികള്‍ പരിശോധിച്ച് 2024 ഫെബ്രുവരി 16 ന് ഫൈനല്‍ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിന്‍ബലത്തിലാണ് ഈ നടപടി ഉണ്ടായത്.
ഇതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി 23 അധ്യാപകര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് ട്രിബ്യൂണലില്‍ തന്നെ വീണ്ടും പരിഗണിക്കുന്നതിന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
2024 മാര്‍ച്ച് 15 ന് സര്‍ക്കാര്‍ ട്രിബ്യൂണലിന് മുമ്പാകെ വാദങ്ങള്‍ വീണ്ടും അവതരിപ്പിച്ചു. എന്നാല്‍ മറ്റു ജില്ലകളിലേക്കുള്ള ട്രാന്‍സ്ഫറിനായി ഔട്ട് സ്റ്റേഷന്‍ സര്‍വ്വീസ് എപ്രകാരമാണ് വകുപ്പ് പരിഗണിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് ഏപ്രില്‍ 8 നകം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് തല്‍സ്ഥിതി തുടരുന്നതിനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.
മൊത്തം 8758 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 7957 പേര്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ടുണ്ട്. 350 അധ്യാപകര്‍ നിലവിലെ സ്‌കൂളുകളില്‍ നിന്നും റിലീവ് ചെയ്യുകയും സ്റ്റേ നിലനില്‍ക്കുന്നത് കാരണം ട്രാന്‍സ്ഫര്‍ ലഭിച്ച സ്‌കൂളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇവര്‍ പരീക്ഷാ ജോലികള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ട്രിബ്യൂണലിന്റെ തുടര്‍ ഉത്തരവിന് അനുസരിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here