കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ തയ്യാറാകാത്ത ഐഒഎയുടെ നീക്കം അപലപനീയം: മന്ത്രി വി അബ്ദുറഹിമാന്‍

V Abdurahiman

ഉത്തരാഖണ്ഡില്‍ ജനുവരി 28 ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐഒഎ) നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കളരിപ്പയറ്റ് മത്സരയിനമാക്കി ഒരാഴ്ചയ്ക്കകം പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഐഒഎയ്ക്കും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍, ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാനാകില്ലെന്ന് ഐഒഎ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞിരിക്കുകയാണ്. ഡല്‍ഹി ഹൈക്കോടതി വിധിയേക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ ഇനം ഉള്‍പ്പെടുത്തുന്നത് പ്രയാസമാണെന്നുമാണ് ഉഷ പ്രതികരിച്ചത്. ഇത് തികച്ചും നിരുത്തരവാദപരമാണെന്നും തീരുമാനം പുനഃപ്പരിശോധിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

ദേശീയ ഗെയിംസിനുള്ള മത്സര ഇനങ്ങള്‍ തീരുമാനിക്കുന്നത് ഐഒഎ ആണ്. മലയാളിയായ പി ടി ഉഷ അദ്ധ്യക്ഷയായിരിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ഒഴിവാക്കലുണ്ടായത് അമ്പരപ്പിച്ചു. കളരിപ്പയറ്റ് ഒഴിവാക്കിയെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ, ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര കായിക മന്ത്രാലയത്തിനും ഐഒഎയ്ക്കും കത്തെഴുതിയിരുന്നു.

Also Read : പകൽ കൊള്ള നടത്തുന്ന കുറുവ സംഘമാണ്, കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഫ്; അഡ്വ. കെ അനിൽകുമാർ

ഒരു പ്രതികരണവും ഉണ്ടായില്ല. ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളരിപ്പയറ്റ്പോലുള്ള പരമ്പരാഗത കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നത് കേന്ദ്ര കായികനയത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതെല്ലാം അവഗണിച്ചാണ് ഐഒഎയുടെ നടപടി. ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം ഉയരണം.

കഴിഞ്ഞ ദേശീയ ഗെയിംസില്‍ 19 സ്വര്‍ണമടക്കം 22 മെഡലുകളാണ് കേരളം കളരിപ്പയറ്റില്‍ നേടിയത്. ഇത്തവണ കായികതാരങ്ങള്‍ എല്ലാ തയാറെടുപ്പും പൂര്‍ത്തിയാക്കിയതാണ്. 2015ല്‍ കേരളം ആതിഥ്യം വഹിച്ച 35-ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. അന്ന് പ്രദര്‍ശനയിനമായിരുന്നു.

കേരളത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2023 ഗോവ ഗെയിംസില്‍ മത്സരയിനമായി. എന്നാല്‍, ഇത്തവണ പ്രദര്‍ശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു. ഈ നീക്കം സംശയാസ്പദമാണ്. മദ്ധ്യപ്രദേശില്‍ നിന്നുള്ള പരമ്പരാഗത കായിക ഇനമായ മല്ലഖാമ്പ് 36-ാം ദേശീയ ഗെയിംസിലാണ് ആദ്യമായി ഉള്‍പ്പെടുത്തുന്നത്. ഇത്തവണയും മല്ലഖാമ്പ് മത്സരയിനമാണ്.

ലോകം അംഗീകരിച്ചിട്ടുള്ള ആയോധനകലയാണ് കളരിപ്പയറ്റ്. ഈ പരമ്പരാഗത കായികയിനത്തെ പ്രോത്സാഹിപ്പിക്കേണ്ട ചുമതലയുള്ള ആളാണ് ഐഒഎ അദ്ധ്യക്ഷ. അവര്‍ തന്നെ കളരിപ്പയറ്റിനെതിരെ ഗൂഢതാല്‍പ്പര്യം കാണിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കളരിപ്പയറ്റ് ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് ഉഷ നേരത്തേ തന്നെ മുഖംതിരിച്ചതായി പരാതിയുണ്ടെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News