‘ഇത് മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം; കുഞ്ഞുങ്ങളുടെ ജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്’: രൂക്ഷ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ടെന്നും. ഒരു ദുഷ്ട മനസിനെയും അതിന് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്ന് കരുതേണ്ട. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. ആ കുരുന്നു നാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കുഞ്ഞുങ്ങളുടെ കുരുന്നുജീവനും പിഞ്ചു ഹൃദയവും വെച്ച് വ്യാജവാര്‍ത്ത ചമയ്ക്കരുത്.

പിഞ്ചുകുഞ്ഞുങ്ങളെ മരണത്തില്‍ നിന്നും രക്ഷിക്കാനും ഗുരുതര രോഗാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുമുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ‘ഹൃദ്യം’. Congenital heart disease അഥവാ ജന്മനായുള്ള ഹൃദ്രോഗങ്ങളെ സൗജന്യമായി ചികിത്സിച്ച് ഭേദമാക്കാനുള്ള പദ്ധതിയാണിത്. ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളില്‍ എട്ടോ ഒന്‍പതോ പേര്‍ ജന്മനാ ഹൃദയ വൈകല്യങ്ങള്‍ ഉള്ളവരാണ്. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ ചെറിയ ഹൃദയ വൈകല്യങ്ങള്‍ മുതല്‍ അത്യന്തം സങ്കീര്‍ണമായിട്ടുള്ള രോഗങ്ങള്‍ വരെയാകാം. ജനിച്ച് മണിക്കൂറുകള്‍ക്കോ ദിവസങ്ങള്‍ക്കോ അല്ലെങ്കില്‍ ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിലോ ശസ്ത്രക്രിയ നടത്തി പരിഹരിച്ചില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു പോകുന്ന ഗുരുതര രോഗങ്ങളുമുണ്ട്. ശ്വാസതടസം മൂലം അമ്മയുടെ നെഞ്ചിലെ മുലപ്പാല്‍ പോലും നുകരാന്‍ കഴിയാതെ മരണത്തിലേക്ക് പോകുന്ന കുഞ്ഞുങ്ങളുമുണ്ട്.

കുട്ടികളിലെ വിവിധ രോഗങ്ങള്‍ ചികിത്സിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പദ്ധതി താലോലം സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്നത് 2010ലാണ്. കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി വിവിധ രോഗങ്ങള്‍ സൗജന്യമായി ചികിത്സിക്കുന്നതിനുള്ള പദ്ധതി അന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷനാണ് നടത്തിയിരുന്നത്. 2014ല്‍ ആര്‍ബിഎസ്‌കെയിലെ ഘടകം കൂടി ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്കായുള്ള പ്രത്യേക ചികിത്സാ പരിപാടി ആരംഭിച്ചു. 2017ലാണ് കൂടുതല്‍ വിപുലമായി ഒരു പ്രത്യേക പദ്ധതിയായി ആസൂത്രണം ചെയ്യപ്പെട്ടതും ഹൃദ്യം ആവിഷ്‌കരിക്കപ്പെട്ടതും.
പീഡിയാട്രിക് ഹാര്‍ട്ട് സര്‍ജറി ഏറെ ചെലവ് ആവശ്യമായി വരുന്ന ശസ്ത്രക്രിയയാണ്. കുഞ്ഞുങ്ങളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് ആവശ്യമായി വരുന്ന ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സകളുടെയും തുകകള്‍ നിശ്ചയിച്ചാണ് ഹൃദ്യം പാക്കേജ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഏറ്റവും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് ഇതില്‍ നല്‍കുന്നത് ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. ആ ശസ്ത്രക്രിയയുടെ യഥാര്‍ത്ഥ ചെലവ് മൂന്നുലക്ഷം രൂപ വരെ ആയേക്കാം. പക്ഷേ സര്‍ക്കാര്‍ ശസ്ത്രക്രിയയ്ക്ക് പരമാവധി നല്‍കുക ഒരു ലക്ഷത്തി എഴുപതിനായിരം രൂപയാണ്. സൗജന്യമായാണ് ഈ ശസ്ത്രക്രിയകള്‍ കുഞ്ഞുങ്ങള്‍ക്ക് നടത്തപ്പെടുന്നത്. ഒരു കുഞ്ഞിന് ഇന്റര്‍വെന്‍ഷന്‍ ആവശ്യമായുള്ള ഹൃദയ വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍ മാതാപിതാക്കള്‍ക്ക് ഹൃദ്യത്തില്‍ രജിസ്റ്റര്‍ ചെയ്യാം. എംപാനല്‍ ചെയ്ത ആശുപത്രികളില്‍ ഏത് ആശുപത്രി വേണമെന്ന് മാതാപിതാക്കള്‍ക്ക് തെരഞ്ഞെടുക്കാം. ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രിയും സ്വകാര്യ ആശുപത്രിയുമുണ്ട്. ഹൃദ്യത്തിന്റെ തുടക്കകാലത്ത് സര്‍ക്കാര്‍ മേഖലയിലെ ശ്രീചിത്രയും കോട്ടയം മെഡിക്കല്‍ കോളേജുമാണ് ഇതില്‍ ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെയാണ് ഉണ്ടായിരുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ 4 കിടക്കകളുള്ള ഐസിയു പീഡിയാട്രിക് കേസുകള്‍ക്ക് മാത്രമായി നിര്‍മ്മിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയും കഴിഞ്ഞവര്‍ഷം ഹൃദ്യത്തിന്റെ എംപാനല്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. അവിടെ പീഡിയാട്രിക് കാത്ത് ലാബ്, ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു എന്നിവ പ്രത്യേകം നിര്‍മ്മിച്ചു. പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകളുടെയും, സര്‍ജന്‍, അനസ്തേഷ്യോളജിസ്റ്റ് തുടങ്ങിയവരുടെയും തസ്തികകള്‍ സൃഷ്ടിച്ചാണ് പദ്ധതി ആരംഭിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് ഏറ്റവും കൂടുതല്‍ അഡള്‍ട്ട് കാര്‍ഡിയാക് പ്രൊസീജിയര്‍ ചെയ്യുന്ന ഒരു മെഡിക്കല്‍ കോളേജാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഏറ്റവും അധികം കാര്‍ഡിയാക് ഇന്റര്‍വെന്‍ഷന്‍ നടത്തുന്ന രാജ്യത്തെ ആദ്യത്തെ 5 ആശുപത്രികളില്‍ ഒന്നാണെന്ന് കഴിഞ്ഞ ദിവസം നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാര്‍ഡിയാക് ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കുന്നവരുടെ എണ്ണം വളരെ വലുതാണ്. ഇതില്‍ 90 ശതമാനവും കാസ്പില്‍ (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ഉള്‍പ്പെടുത്തി സൗജന്യമായിട്ടാണ് ചെയ്യുന്നത്. ഹൃദയത്തിന്റെ ശസ്ത്രക്രിയ്ക്കും പ്രൊസീജിയറുകള്‍ക്കും വിധേയരാകുന്ന മുതിര്‍ന്നവരുടെ എണ്ണം സര്‍ക്കാര്‍ ആശുപത്രികളില്‍ വളരെ കൂടുതലായതിനാല്‍ പീഡിയാട്രിക് സര്‍ജറികള്‍ക്ക് പ്രത്യേകമായിട്ടുള്ള ക്രമീകരണങ്ങള്‍ ആവശ്യമാണ്. കോട്ടയത്തിനും എസ്.എ.ടി.യ്ക്കും പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിനേയും ഹൃദ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇവിടെ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രത്യേക തസ്തികകള്‍, പ്രത്യേക കാത്ത് ലാബ് സൗകര്യങ്ങള്‍, പ്രത്യേക ഐസിയു എന്നിവ ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടു.

ശ്രീചിത്ര ആശുപത്രി മികച്ച നിലയില്‍ ഹൃദ്യത്തില്‍ പങ്കാളിയായി. ശ്രീചിത്ര തുടര്‍ന്നും ഹൃദ്യത്തില്‍ ഉണ്ടാകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇത് ഇപ്പോഴല്ല നേരത്തെ തന്നെ ഞാന്‍ പരസ്യമായി പറഞ്ഞിരുന്നു. സംസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘കാസ്പി’ലും ഹൃദ്യത്തിലും ശ്രീചിത്ര ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്ര ഡയറക്ടറുമായി 2022-23ല്‍ തന്നെ ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. കാസ്പില്‍ ശ്രീചിത്ര ഭാഗമായി. ഹൃദ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി ഉചിതമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ജൂണ്‍ മാസം ആദ്യം വീണ്ടും കത്തയച്ചിട്ടുണ്ട്. അനുകൂല നിലപാടെടുക്കം എന്നാണ് പ്രതീക്ഷ. നിലവില്‍ ശ്രീചിത്രയുമായി ബന്ധപ്പെട്ടുള്ള ക്ലെയ്മൊന്നും സ്റ്റേറ്റ് ഓഫീസില്‍ പെന്‍ഡിംഗിലില്ല. അന്‍പത്തിയഞ്ച് കോടി രൂപയുടെ ക്ലെയിം 2020ല്‍ ശ്രീചിത്ര സമര്‍പ്പിച്ചിരുന്നു. ശ്രീചിത്രയുമായി ആശയ വിനിമയും നടത്തി. ഇതിന്റെയടിസ്ഥാനത്തില്‍ ധാരണപ്രകാരമുള്ള തുക അന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഇതുവരെ ഹൃദ്യം പദ്ധതിയില്‍ 6107 കുഞ്ഞുങ്ങള്‍ക്ക് കാര്‍ഡിയാക് പ്രൊസീജിയര്‍ നടത്തിയിട്ടുണ്ട്. ഇതുവരെ ചെലവായ തുക 57,11,75,161 രൂപ (അന്‍പത്തിഏഴ് കോടി പതിനൊന്ന് ലക്ഷത്തി എഴുപത്തി അയ്യായിരത്തി ഒരുന്നൂറ്റി അറുപത്തി ഒന്നു രൂപ). ആറായിത്തിലധികം കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ചികിത്സിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും ഹൃദ്യത്തിലൂടെ ആകെ ചെലവാക്കിയതാണ് ഈ തുക.
ഈ കാലഘട്ടത്തില്‍ സംസ്ഥാനത്ത് നവജാതശിശു മരണനിരക്കിലുണ്ടായിട്ടുള്ള കുറവും ദേശീയ ശരാശരിയും ഇങ്ങനെയാണ്.
വര്‍ഷം, ഇന്ത്യയിലെ ശരാശരി, കേരളത്തിലെ ശരാശരി എന്ന ക്രമത്തില്‍
2013 – 40 – 14
2014 – 39 – 13
2015 – 41 – 13
2016 – 38 – 10
2017 – 37 – 10
2018 – 36 – 6
2019 – 34 – 6
2020 – 31 – 6
2022 – 28 – 5.5
ഹൃദ്യത്തിലൂടെ പ്രൊസീജിയര്‍ നടത്തിയ കുഞ്ഞുങ്ങള്‍ക്കുള്ള തുടര്‍ ഫോളോഅപ്പ് ചികിത്സകളും സൗജന്യമായി നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടു. ഇതിലൂടെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കുന്നുണ്ട്. ഇന്റര്‍വെഷന്‍ ആവശ്യമായി വരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശാക്തീകരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഹൃദ്യത്തിന്റെ തുടക്കത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് സര്‍ജനുമായ ഡോ. ജയകുമാര്‍ ചെയര്‍ ചെയ്യുന്ന കമ്മിറ്റിയെ സര്‍ക്കാര്‍ മേഖലയിലെ ഈ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചിട്ടുണ്ട്. ഡോ. ജയകുമാര്‍, ഡോ. ലക്ഷ്മി (എസ്എടി ആശുപത്രി), ഡോ. രാജേഷ് (കോഴിക്കോട് മെഡിക്കല്‍ കോളേജ്) ഡോ. രാഹുല്‍ (സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍) എന്നിവരാണ് സമിതി അംഗങ്ങള്‍.

ഇവിടെ എഴുതിയതൊക്കെ വാര്‍ത്താ ‘ഇംപാക്ട്’ എന്ന വ്യാജം കൂടി നല്‍കാതിരിക്കുക. കാരണം ഈ പ്രവര്‍ത്തനങ്ങളൊക്കെ ഇപ്പോഴത്തെ ഈ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വളരെ വളരെ മുമ്പേ സര്‍ക്കാര്‍ ആരംഭിക്കുകയും തുടര്‍ന്നു പോരുകയും ചെയ്യുന്നതാണ്.
മീഡിയ ആക്ടിവിസം അല്ല മീഡിയ വാന്‍ഡലിസം ആണിത്. വ്യാജ വാര്‍ത്തകള്‍ നല്‍കി ദുര്‍ബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകള്‍ നിര്‍ത്താമെന്ന് ആരും കരുതേണ്ട. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവന്‍ വെച്ച് വ്യാജ വാര്‍ത്ത നല്‍കിയാല്‍ പേടിച്ചോടുമെന്നും കരുതേണ്ട. കൂടുതല്‍ ആര്‍ദ്രതയോടെ കരുത്തോടെ ആ കുരുന്നു ജീവനുകള്‍ സര്‍ക്കാര്‍ ചേര്‍ത്ത് പിടിക്കും. ആ കുരുന്നു നാളങ്ങള്‍ അണയാതെ കഴിയുന്നത്ര സംരക്ഷിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News