വന്ദനയുടെ മാതാപിതാക്കളെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന്റെ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വന്ദനയുടെ മൃതദേഹം പൊതദര്‍ശനത്തിനുവെച്ചിരിക്കുന്ന കോട്ടയം മുട്ടുചിറയിലെ വീട്ടിലാണ് മന്ത്രിയെത്തിയത്. മൃതദേഹത്തിന് സമീപം ഏറെ നേരം നിറകണ്ണുകളോടെ നിന്ന മന്ത്രി പിന്നീട് വന്ദനയുടെ മാതാപിതാക്കള്‍ക്കരികില്‍ എത്തി. മന്ത്രിയെ കണ്ടതോടെ വന്ദനയുടെ മാതാപിതാക്കള്‍ നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി. ഇത് മന്ത്രിയേയും വേദനിപ്പിച്ചു. വന്ദനയുടെ മാതാവിനെ ചേര്‍ത്തുപിടിച്ച് ആശ്വസിച്ച മന്ത്രി നിയന്ത്രണംവിട്ട് കരഞ്ഞു.

ഇന്നലെ പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെടുന്നത്. അയല്‍വാസിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് പരുക്കേല്‍ക്കുകയും പിന്നീട് പൊലീസുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയും ചെയ്ത സന്ദീപാണ് കൊലചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വന്ദനയേയും പൊലീസുകാരേയും ഉള്‍പ്പെടെ അഞ്ച് പേരെ ഇയാള്‍ കുത്തിവീഴ്ത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി വീണാ ജോര്‍ജിന്റെ വാക്കുകള്‍ ചിലര്‍ വളച്ചൊടിച്ചത് വിവാദമായിരുന്നു. മന്ത്രി പറഞ്ഞതില്‍ നിന്ന് ചില ഭാഗം അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുകയാണുണ്ടായത്. ഇതിനെതിരെ മന്ത്രി തന്നെ രംഗത്തെത്തി. ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഃഖകരമായ സാഹചര്യത്തിലെ വാക്കുകളെ, വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് എന്ത് ക്രൂരതയെന്നായിരുന്നു മന്ത്രി ചോദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News