സംസ്ഥാനത്ത് പക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി വീണ ജോർജ്

ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളിലും, നിരീക്ഷണത്തിലുള്ള സമീപ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള പഞ്ചായത്ത് തല സമിതികള്‍ അടിയന്തിരമായി കൂടുവാനും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. ഇത് ജില്ലാ തലത്തില്‍ മോണിറ്റര്‍ ചെയ്യേണ്ടതും നടപടികളുടെ റിപ്പോര്‍ട്ട് സംസ്ഥാന തലത്തില്‍ അറിയിക്കേണ്ടതുമാണ്. എല്ലാ ജില്ലകളിലേയും വണ്‍ ഹെല്‍ത്ത് കമ്മിറ്റികളെ ഊര്‍ജിതമാക്കാനും നിര്‍ദേശം നല്‍കി.

Also Read: സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട്; ഇന്ത്യൻ എക്സ്പ്രസ് വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത് – ഐഎൻഎൽ

കേരളത്തില്‍ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

Also Read: ഇലക്ടറൽ ബോണ്ട് നിലപാടിൽ മലക്കംമറിഞ്ഞ് വിഡി സതീശൻ

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക. പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News