വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ഏറെ ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ALSO READ: ആലപ്പുഴയിലും പച്ച പതാക ഉയർത്തണ്ട എന്ന് ലീഗിന് കർശന നിർദേശം; അമർഷവുമായി നേതാക്കൾ

ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്‌സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു (Heat rash) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
വെയിലത്ത് നടക്കേണ്ട അവസരങ്ങളില്‍ കുട ഉപയോഗിക്കുക.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും, ജനലുകളും തുറന്നിടുക.
കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, ഗ്യാസ് (carbonated) അടങ്ങിയ പാനിയങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
ജലാംശമുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുക.
സൂര്യാഘാതമേറ്റുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക, ഫാന്‍, എ.സി. എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയങ്ങള്‍ കുടിക്കുക.
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്യാല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തുക.

ALSO READ: ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News