വയനാട് ഉരുൾപൊട്ടൽ; മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

VEENA GEORGE

വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹകരണത്തോടെ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തി വരുന്നു. 137 കൗണ്‍സിലര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഉറപ്പാക്കും. കൂടുതല്‍ ഫീല്‍ഡുതല ജീവനക്കാരെ വീടുകളിലേക്ക് അയക്കുന്നതാണ്.

മാനസികാരോഗ്യത്തിന് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കി. ഇത്തരം ദുരന്തങ്ങളില്‍ ദീര്‍ഘകാല മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: വയനാട് ഉരുൾപൊട്ടൽ; ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് സ്ഥലം വിട്ടുനൽകി സുത്താൻ ബത്തേരി സ്വദേശി, പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

മഴ കുറഞ്ഞത് കാരണം ക്യാമ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെക്ക് ലിസ്റ്റ് പ്രകാരം മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പിലുള്ളവര്‍ക്ക് ആരോഗ്യ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 14 സ്ഥലങ്ങളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 2 മൊബൈല്‍ ലാബുകള്‍ സജ്ജമാക്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്തു വരുന്നു. 84 സാമ്പിളുകള്‍ എടുത്ത് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു.

മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി 149 ആബുലന്‍സുകള്‍ സജ്ജമാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി 138 ഫ്രീസറുകള്‍ അധികമായുണ്ട്. 225 മൃതദേഹങ്ങളും 181 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുള്‍പ്പെടെ 406 പോസ്റ്റുമോര്‍ട്ടങ്ങള്‍ നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ തുടങ്ങിയവർ പങ്കെടുത്തു.

ALSO READ: ആ സമ്മാന തുക വയനാടിനായി… സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കി കൈരളി ടിവി ഫീനിക്‌സ് അവാര്‍ഡ് ജേതാവ് യാസിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News