കനത്ത മഴ; ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

VEENA GEORGE

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനതലത്തില്‍ ഊര്‍ജിത ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റര്‍ ഉപയോഗം സാധാരണ പോലെയാണ്. പകര്‍ച്ചപ്പനി മൂലം അവയില്‍ വര്‍ധനവുണ്ടായിട്ടില്ല.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നല്‍കുന്ന വെള്ളം പ്രത്യേകമായി ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ നല്‍കാവൂ. ജലജന്യ രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഫീല്‍ഡ് സന്ദര്‍ശനം ഫലപ്രദമായി നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചേര്‍ന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ALSO READ: ലോഡ് അടക്കം 40 ടണ്‍ ഭാരമുള്ള ലോറിയാണ്; കാബിനിലേക്ക് മണ്ണ് ഇടിച്ചു കയറിയിട്ടില്ലെങ്കില്‍ അവന്‍ സേഫായി തിരിച്ചുവരും

മഴക്കാലത്ത് പൊതുവേ ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവ കൂടുതലായി കാണാറുണ്ട്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ല. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.

പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.

ALSO READ: അങ്കണം ഷംസുദീൻ സ്മൃതി പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ടിവി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത മുന്‍കരുതലുകള്‍ സ്വീകരിക്കണം. മണ്ണുമായോ മലിനജലവുമായോ ഇടപെടുന്നവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം.

വയറിളക്ക രോഗങ്ങള്‍, കോളറ, ടൈഫോയിഡ്, ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക. നിര്‍ജലീകരണം കാരണമാണ് രോഗം ഗുരുതരമാകുന്നത്. അതിനാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കണം.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രദേശത്ത് കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമായി നടത്തി വരുന്നു. പുതിയ ക്ലസ്റ്ററുകള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.

ALSO READ: ദിവസക്കൂലിക്ക് ഗ്യാസ് സിലിണ്ടർ ചുമന്നുള്ള ജോലി, രാത്രിയിൽ പഠനം; ഒടുവിൽ ഗഗൻ എത്തിച്ചേർന്നത് ഐഐടി എന്ന തന്റെ ലക്ഷ്യത്തിലേക്ക്

മലപ്പുറത്ത് മലമ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലേറിയ ആരംഭത്തില്‍ തന്നെ കണ്ടെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുണ്ട്. മലമ്പനിയ്ക്ക് കൃത്യമായ ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടിയാല്‍ മലമ്പനി പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും. കൊതുക് കടിയേല്‍ക്കാതെ സ്വയം സംരക്ഷണമൊരുക്കിയാല്‍ മലമ്പനിയില്‍ നിന്നും രക്ഷനേടാവുന്നതാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News