ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇങ്ങനെയുള്ളവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കും. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്‍റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിലാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പരാതിയിൽ ഉടൻ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസിനും നടി ഹണി റോസ് നന്ദിയറിയിച്ചിരുന്നു. തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടി സർക്കാരിനും കേരള പൊലീസിനും നന്ദിയറിയിച്ചത്.
ALSO READ; ലൈംഗിക അധിക്ഷേപം; ഹണി റോസിന്‍റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ
തനിയ്ക്കു നേരെ ബോബി ചെമ്മണ്ണൂർ നിരന്തരം ലൈംഗികാധിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഹണി റോസ് പരാതി നൽകി 24 മണിക്കൂർ തികയും മുമ്പാണ് പോലീസ് കർശന നടപടിയിലേയ്ക്ക് കടന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 75-ാം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ പ്രകാരവും സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തി അപമാനിച്ചതിന് ഐടി ആക്ടിലെ 67ാം വകുപ്പും ഉൾപ്പടെ ജാമ്യമില്ലാ കുറ്റങ്ങളാണ് ബോബിക്കെതിരെ ചുമത്തിയിരിക്കുന്നത്.
റിസോർട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ മേപ്പാടിക്കടുത്തുള്ള പുത്തൂർവയിലെ എആർ ക്യാമ്പിലേക്ക് സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയത്. ഒന്നരമണിക്കൂറോളം എ ആർ ക്യാമ്പിൽ ചെലവഴിച്ചശേഷം 12 മണിയോടെ പോലീസ് വാഹനത്തിൽ കയറ്റി എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴി അശ്ലീല കമൻറ് ഇട്ട് തന്നെ അധിക്ഷേപിച്ച 30 ഓളം പേർക്കെതിരെ ഹണി റോസ് നൽകിയ പരാതിയിൽ നേരത്തെ കുമ്പളം സ്വദേശി ഷാജിയെ ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here