ശബരിമലയിൽ തീർത്ഥാടനം ഇതുവരെ ഭംഗിയായി നടന്നു കൊണ്ടിരിക്കുകയാണെന്നും 32 ലക്ഷത്തിലധികം ആളുകൾ ഇതുവരെ തടസമേതുമില്ലാതെ ദർശനം നടത്തിയതായും മന്ത്രി വിഎൻ വാസവൻ. മകരവിളക്ക് ദർശനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി. മകരവിളക്ക് തീർത്ഥാടനം ഭംഗിയാക്കുന്നതിനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ വന്നു. ദർശനം സുഗമമായി മുന്നോട്ടു പോകുന്നു. 12 ന് വൈകുന്നേരം തമിഴ്നാട് ദേവസ്വം മന്ത്രി അവിടെ എത്തിച്ചേരും. നടൻ ജയറാമും പങ്കെടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. മകരവിളക്കിന്റെ അന്ന് ഹരിവരാസനം പുരസ്കാരം നൽകും. ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്കാണ് ഈ വർഷത്തെ അവാർഡ്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 14 ന് ശബരിമലയിൽ വെച്ചാവും പുരസ്കാര വിതരണം നടക്കുക.
ആരാധനാലയങ്ങളിൽ മേൽവസ്ത്രം അഴിച്ച് പ്രവേശിക്കണമെന്ന സച്ചിദാനന്ദ സ്വാമികളുടെ പ്രസ്താവനയിൽ പരസ്യമായി അവിടെ തന്റെ അഭിപ്രായം പറഞ്ഞിരുന്നതായും മന്ത്രി പറഞ്ഞു. സച്ചിദാനന്ദ സ്വാമികൾ പറഞ്ഞത് വിപ്ലവകരമായ അഭിപ്രായമാണ്. അതിനോട് യോജിക്കുന്നുവെന്ന് മുഖ്യമന്ത്രിയും താനും പറഞ്ഞു. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുന്ന കാര്യം ആലോചിച്ചെടുക്കേണ്ട തീരുമാനമാണ്. നിലവിൽ തന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത്.
സനാതന ധർമത്തിന്റെ വക്താവാക്കാൻ ഗുരുവിനെ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റില്ല. പ്രൗഢഗംഭീരമായ പ്രസംഗമായിരുന്നു മുഖ്യമന്ത്രിയുടേതെന്നും വ്യക്തമായ കാര്യകാരണങ്ങൾ കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗിച്ചതെന്നും മന്ത്രി പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവർ ഗുരുവിനെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here