അതുല്യ ഗായകൻ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രിമാരായ എം.ബി. രാജേഷും വി.എൻ. വാസവനും. ഭാവഗായകൻ ജയചന്ദ്രൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും ആധുനിക കേരളത്തിൻ്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിൻ്റെ മനോഹര ഗാനങ്ങളെന്നും മന്ത്രി എം.ബി. രാജേഷ് തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലയാള ചലച്ചിത്ര ഗാന ശാഖയുടെ വസന്തകാലത്ത് ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചു. അതിലൂടെ മലയാളികളുടെയാകെ ആദരവ് നേടാനും കഴിഞ്ഞു.
വളരെ തെളിമയുള്ള ആലാപനം ആയിരുന്നു അദ്ദേഹത്തിൻ്റേതെന്ന് തോന്നിയിട്ടുണ്ട്. അതിനാൽ നേരിട്ട് ആസ്വാദകരുടെ ഹൃദയത്തെ സ്പർശിക്കാൻ ആ ഗാനങ്ങൾക്ക് കഴിഞ്ഞെന്നും സിനിമയിലെ ഗാനരംഗം ആഗ്രഹിക്കുന്ന വികാരങ്ങളും ഭാവവും അതേപോലെ പാട്ടിലൂടെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിനാലാണ് അദ്ദേഹത്തെ ഭാവഗായകനായി മലയാളികൾ വിശേഷിപ്പിക്കുന്നത് എന്നും പെരുമാറ്റത്തിലും സംഭാഷണത്തിലും അതേ തെളിമയുള്ള മികച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു ജയചന്ദ്രനെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ALSO READ: സാഹിത്യത്തിലെ സമഗ്ര സംഭാവന, പ്രിയദർശിനി സാഹിത്യ പുരസ്കാരം ഡോ എം ലീലാവതിയ്ക്ക്
ഗായകൻ പി. ജയചന്ദ്രൻ്റെ വിയോഗത്തിൽ മന്ത്രി വി.എൻ. വാസവനും അനുശോചിച്ചു. വിട വാങ്ങിയത് ഭാവ പൂർണതയുടെ നാദവിസ്മയമാണെന്നാണ് മന്ത്രി വി.എൻ വാസവൻ പി. ജയചന്ദ്രനെ അനുസ്മരിച്ച് പറഞ്ഞത്. അനശ്വര ഗാനങ്ങളിലൂടെ സംഗീതത്തിൻ്റെയും സ്വരമാധുരിയുടെയും വസന്തം തീർത്ത പി. ജയചന്ദ്രൻ്റെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത ഒന്നാണെന്നും മന്ത്രി വി.എൻ. വാസവൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലയാളികൾക്ക് പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും സന്തോഷത്തിൻ്റെയും വൈകാരിക വേലിയേറ്റങ്ങൾ സൃഷ്ടിച്ച പ്രതിഭയാണ് വിടവാങ്ങിയത്. പി ജയചന്ദ്രൻ്റെ വിയോഗം നികത്താനാകാത്ത നഷ്ടമാണ് മലയാളികൾക്കെന്നും എല്ലാ സംഗീത പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here