“ഇളയരാജയെക്കുറിച്ച് മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയാണ് പുറത്ത് പറയാതിരുന്നത് “; അവസരം കുറഞ്ഞതിനെപ്പറ്റി വെളിപ്പെടുത്തി മിൻമിനി

ചിന്ന ചിന്ന ആസൈ എന്ന ഒറ്റ ഗാനം മാത്രം മതി മിൻമിനി എന്ന ​ഗായികയെ സം​ഗീതപ്രേമികൾക്ക് എന്നെന്നും ഓർക്കാൻ. മണിരത്നം സംവിധാനം ചെയ്ത, എ.ആർ. റഹ്മാൻ സംഗീതം നൽകിയ റോജ എന്ന ചിത്രത്തിലെ ആ ഗാനം ആലപിച്ച ശേഷം തനിക്ക് അവസരങ്ങൾ കുറയുകയാണുണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിൻമിനി . ഈ ​ഗാനം ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിക്കാതായെന്നും ഇക്കാര്യങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും ​മിൻമിനി പറഞ്ഞു വ്യക്തമാക്കി.ഒരു സ്വകാര്യ മലയാളം ചാനലിലെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനി സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനേക്കുറിച്ച് തുറന്ന് പറഞ്ഞത്.

Also Read: സൈറ ഭാനുവിനെ വിവാഹം കഴിച്ചതിൽ തനിക്കു വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു; വൈവാഹിക ജീവിതത്തെപ്പറ്റി വെളിപ്പെടുത്തി എ.ആർ.റഹ്മാൻ

ഒരു ദിവസം പതിമൂന്ന് പാട്ടുകൾ വരെ പാടിയ ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. അവിടെ നിന്നാണ് പെട്ടന്ന് പാട്ട് നിർത്തിയതെന്നും മിൻമിനി പറഞ്ഞു. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കുറേ അവസരങ്ങൾ കിട്ടി. നല്ല അവസരങ്ങളൊന്നും പാഴാക്കാതെ തൻ്റെ പിതാവ് തന്നെ കൊണ്ടുനടന്നു. നാടായ കീഴ്മാട് പഞ്ചായത്ത് ഓഫീസിൽ ആദ്യമായി ഫോൺ വന്നിട്ട് ഉപയോ​ഗിച്ചയാളാണ് താൻ. വീട്ടിൽ ഫോണില്ലാത്തതുകൊണ്ട് പഞ്ചായത്ത് ഓഫീസിലെ നമ്പറാണ് കൊടുത്തിരുന്നത്. അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നും മിൻമിനി പറഞ്ഞു.

അവസരം കുറഞ്ഞതിനെപ്പറ്റി മിൻമിനി പറഞ്ഞ വാക്കുകൾ

“ഇത് ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ചോദിച്ചതുകൊണ്ടുമാത്രം പറയുന്നതാണ്. ചിന്ന ചിന്ന ആസൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിങ് എ.വി.എം. ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ​ഗായകൻ മനോ അണ്ണനും അവിടെയുണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചുപോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്”.

Aso Read: ‘ലിയോ’ യിലെ വിജയ് പാടിയ ഗാനത്തിനെതിരെ പരാതി

“അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. ഞാനവിടെ നിന്ന് കരയുകയാണ്. മൈക്കെല്ലാം ഓണാണ്. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒരാൾ എഴുന്നേറ്റു വന്നു. കീ ബോർഡ് ചെയ്തിരുന്ന അന്തരിച്ച വിജി മാനുവൽ അങ്കിളായിരുന്നു അത്. കരയരുതെന്നും വെറുതെ പറഞ്ഞതായിരിക്കുമെന്നും പറഞ്ഞു. പക്ഷേ ഈ സംഭവം ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ല. ഉള്ളിലെവിടെയോ വിഷമമായി കിടന്നിരിക്കാം. ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല. രാജാ സാർ എന്നോട് വാത്സല്യമുള്ളയാളായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പുറത്ത് പറയാതിരുന്നത്”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration