പാലക്കാട്, തത്തമംഗലം ചെന്താമര നഗർ ജിബിയുപി സ്‌കൂളിൽ വിദ്യാർഥികൾ ഒരുക്കിയ പുൽക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് ആവശ്യപ്പെട്ടു.
തത്തമംഗലം ചെന്താമര നഗർ ജിബിയുപി സ്‌കൂളിലെ ഓഫീസ് മുറിയോട് ചേർന്നുള്ള സ്റ്റേജിൽ സ്ഥാപിച്ച പുൽക്കൂടാണ് തകർത്തിരുന്നത്. സ്കൂളിൽ വെള്ളിയാഴ്ചയാണ് വിദ്യാർഥികൾ പുൽക്കൂട് ഒരുക്കിയത്. തുടർന്ന് ശനിയാഴ്ച അധ്യാപകർ സ്കൂളിൽ എത്തിയപ്പോഴും പുൽക്കൂടിന് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാൽ, രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിയപ്പോഴാണ് ഇരുമ്പ് ഗ്രില്ലിനകത്ത് സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത നിലയിൽ കണ്ടത്.
സമാനരീതിയിൽ, നല്ലേപ്പിള്ളി ഗവ. യുപി സ്‌കൂളിൽ ശനിയാഴ്ച നടന്ന ക്രിസ്മസ് ആഘോഷത്തിനിടയിലും ഒരു സംഘം അതിക്രമിച്ചു കയറി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ് അക്രമം നടത്തുകയുമുണ്ടായി.
ഇത്തരം സംഭവങ്ങൾ ന്യൂനപക്ഷങ്ങ ജനവിഭാഗങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണെന്നും കമ്മീഷൻ ചെയർമാൻ അഡ്വ എ. എ. റഷീദ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കാൻ സുതാര്യമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here