മുതലപ്പൊഴി അപകട പരമ്പര; ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴി അപകട പരമ്പരയിൽ സ്വമേധയാ എടുത്ത കേസിൽ റിപ്പോർട്ട് സമർപ്പിച്ച് ന്യൂനപക്ഷ കമ്മീഷൻ. തിരുവനന്തപുരത്ത് നടന്ന സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് റിപ്പോർട്ടുകൾ പരിശോധിച്ചു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേ പുലിമുട്ട് പൊളിച്ച് ലോഡ് ഒട്ട് ഫെസിലിറ്റി നിർമ്മിച്ചതിനുശേഷം 2021 ലുണ്ടായ ടൗട്ടേ ചുഴലിക്കാറ്റ്, 2022 ലെ കാലവർഷം എന്നിവമൂലം മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേ പുലിമുട്ടിന്റെ അഗ്രഭാഗം തകരുകയും ടെട്രാപോഡുകൾക്ക് സ്ഥാനഭ്രംശം സംഭവിച്ച് കല്ലുകളും ടെട്രാപോഡുകളും പ്രവേശന കവാടത്തിലും ചാനലിലും ചിതറി വീഴുകയുമുണ്ടായി.

അപകടരമായി ചാനലിൽ ചിതറിക്കിടക്കുന്ന കല്ലുകളും ടെട്രാപോഡുകളും മത്സ്യതൊഴിലാളികളുടെ ജിവനും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആയതിനാൽ അത് നീക്കം ചെയ്യണമെന്നും മത്സ്യബന്ധന വകുപ്പ് മന്ത്രി, ദുരന്ത നിവാരണ അതോറിറ്റി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മത്സ്യബന്ധന വകുപ്പ് സെക്രട്ടറി, മത്സ്യബന്ധന വകുപ്പ് ഡയറക്ടർ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിവിധ യോഗങ്ങളിൽ ആവശ്യപ്പെട്ടിട്ടും അദാനി പോർട്‌സിന്റെ ഭാഗത്തുനിന്നും പൂർണ്ണമായ സഹകരണം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നും  മത്സ്യതൊഴിലാളികളുടെ യാനങ്ങൾ അപകടത്തിൽപ്പെടുന്നതിനും മരണത്തിനും കാരണമായി.

Also Read: എറണാകുളത്ത് തുടര്‍ച്ചയായി പെയ്ത കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് കല്ലുകൾ ബാർജിൽ കൊണ്ടുപോകുന്നതിനായി അദാനി പോർട്‌സുമായി ഒപ്പുവെച്ച ധാരണാപത്ര പ്രകാരം മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന ഭാഗത്തും ചാനലിലും അഞ്ച് മീറ്ററും തുറമുഖ ബേസിനിൽ മൂന്ന് മീറ്ററും ആഴം ഉറപ്പാക്കണമെന്നും ലോഡ് ഔട്ട് സൗകര്യത്തിന്റെ പ്രവർത്തനമോ ഡ്രട്ജിംഗ് പ്രവർത്തികളോ മൂലം പുലിമുട്ടിനുണ്ടാകുന്ന കേടുപാടുകൾ അദാനി പോർട്ട്‌സ് സ്വന്തം ചെലവിൽ പരിഹരിക്കണമെന്നും ഗൈഡ് ലൈറ്റ്, ബോയ് എന്നിവ സ്ഥാപിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നെങ്കിലും ഡ്രട്ജിംഗ് നടത്തുന്നതിനും പൊഴിയിൽ ചിതറിക്കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിനും അദാനി പോർട്‌സിന് നിരവധി തവണ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇതുകാരണം ചാനലിന്റെ ആഴം കുറയുകയും മത്സ്യബന്ധന യാനങ്ങൾക്ക് അപകടം സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. തുടർന്ന് ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി അദാനി പോർട്‌സുമായി നടത്തിയ ചർച്ചയിൽ ചാനലിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചുവെങ്കിലും വളരെ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അടിയന്തിരമായി മണ്ണ് നീക്കം ചെയ്ത് ആഴം അഞ്ച് മീറ്റർ ഉറപ്പാക്കിയില്ലെങ്കിൽ മൺസൂൺ കാലത്ത് വള്ളങ്ങൾ അപകടത്തിൽപ്പെടുന്നതിന് സാധ്യത വളരെ കൂടുതലാണ്.

Also Read: കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

മുതലപ്പൊഴിയിലെ നിരന്തരമായ അപകടങ്ങളെ സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ പൂനെയിലുള്ള സെൻട്രൽ വാട്ടർ ആന്റ് പവർ റിസെർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തുകയും പ്രസ്തുത റിപ്പോർട്ട് 2020 ഫെബ്രുവരി മാസം ലഭിക്കുകയും ചെയ്തു. റിപ്പോർട്ട് പ്രകാരം തെക്കേ പുലിമുട്ടിന്റെ നീളം 425 മീറ്റർ വർദ്ധിപ്പിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ 164 കോടി രൂപയുടെ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടുകൂടി പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതിക്കായി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിരിക്കുകയാണെന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കാവുന്നതാണെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ, ഫിഷറീസ് ഡയറക്ടർ എന്നിവർ കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് വിശദമായി പരിശോധിച്ച കമ്മീഷൻ മത്സ്യബന്ധന മേഖലയിലെ വിവിധ സംഘടനകളും തൊഴിലാളികളുമായി ചർച്ച ചെയ്ത് വിഷയത്തിൽ ആവശ്യമായ തുടർ നടപടികളുടെ നിർദ്ദേശം സർക്കാരിന് സമർപ്പിക്കും. സിറ്റിംഗിൽ 12 ഹർജികൾ തീർപ്പാക്കി. പുതിയ പരാതികൾ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News