‘മുതലപ്പൊഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരം, സിഎസ്ഐ സഭാതർക്കത്തില്‍ പ്രത്യേക നിര്‍ദേശം’; തീരുമാനം ന്യൂനപക്ഷകമ്മീഷന്‍റെ പ്രത്യേക സിറ്റിങ്ങില്‍

മുതലപ്പൊഴി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരവും സിഎസ്ഐ സഭാതർക്കത്തില്‍ പ്രത്യേക നിര്‍ദേശവും നല്‍കി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ജൂലൈ 20നാണ് മുതലപ്പൊഴി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. മത്സ്യബന്ധന തുറമുഖ വകുപ്പ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളേയും ജില്ലാ കലക്‌ടറേയും, അദാനി പോർട്‌സിനേയും പ്രതിനിധീകരിച്ചും ഉദ്യോഗസ്ഥർ സിറ്റിങ്ങില്‍ ഹാജരായി.

മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം കാണാന്‍ തുറമുഖത്തിന്‍റെ ആഴം കൂട്ടുന്നതിനായി അദാനി പോർട്‌സുമായി 2018-ൽ സർക്കാര്‍ ധാരണപത്രമുണ്ടാക്കിയിരുന്നു. ഇതിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത കാട്ടിയില്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ യോഗത്തില്‍ പറഞ്ഞു. മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു. ഈ കേസിന്‍റെ തെളിവെടുപ്പിനായി ആസ്ഥാനത്ത് നടന്ന പ്രത്യേക സിറ്റിങ്ങില്‍ അധികൃതർ നൽകിയ റിപ്പോർട്ടുകളിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍റെ വിലയിരുത്തല്‍.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കുന്നതിന് മുതലപ്പൊഴിയെയാണ് അദാനി പോർട്ട്‌സ് പ്രധാനമായും ആശ്രയിച്ചത്. അതിന്‍റെ ഭാഗമായി അദാനി പോർട്ട്‌സ് സർക്കാരുമായുണ്ടാക്കിയ ധാരണാപത്രം രണ്ട് തവണ പുതുക്കിയെങ്കിലും കരാറിലേക്ക് കടക്കുവാനോ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോവെന്ന് വിലയിരുത്തുവാനോ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തുവാനോ ബന്ധപ്പെട്ട വകുപ്പുകൾക്ക് നാളിതുവരെയും കഴിഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ALSO READ | ‘ഇത് അവരുടെ കാലമല്ലേ, കൂടോത്രക്കാരുടെ’, പരിഹസിച്ച് മന്ത്രി സജി ചെറിയാൻ; ശാസ്ത്രത്തെ ഉൾക്കൊള്ളണം, അതിൽ അധിഷ്ഠിതമാണ് വിദ്യാഭ്യാസമെന്നും മന്ത്രി

തുറമുഖ നിർമ്മാണത്തിനാവശ്യമായ സാധനസാമഗ്രികളടങ്ങിയ ബാർജിന് സുഗമമായി കടന്നുവരുന്നതിനുവേണ്ടി മാത്രമാണ് അദാനി പോർട്‌സ് അധികൃതർ മുതലപ്പൊഴിയിൽ ട്രഡ്ജിംഗ് നടത്തിയിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടുകൾ. മുതലപ്പൊഴി വിഷയം പരിഹരിക്കാൻ വിവിധ ഏജൻസികൾ കാലാകാലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിന്മേൽ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കുവാൻ അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടിരുന്നുവെന്നും കമ്മീഷന്‍ വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

അതേസമയം, സിഎസ്ഐ സഭാതർക്കത്തിൽ, വിശ്വസി നൽകിയ ഹർജി പരിഗണിച്ച കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസിൽ ഉത്തരവ് വരുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരാൻ ഇരുകക്ഷികൾക്കും നിർദേശം നൽകി. ഒരു വിഭാഗം വിശ്വാസികൾ ജൂലൈ 7 ന് നടത്താനിരിക്കുന്ന റാലിക്ക് അനുമതി നൽകരുതെന്നും പൊലീസ് റിപ്പോർട്ട് പരിഗണിച്ച കമ്മീഷൻ നിര്‍ദേശിച്ചു. വേണ്ട നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ, ജില്ലാ കലക്‌ടര്‍ എന്നിവർക്ക് നിർദേശം നൽകി. കമ്മീഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക സിറ്റിങ്ങില്‍ ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News