കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ സ്ത്രീകൾക്കായി തിരച്ചിൽ തുടരുന്നു. പോലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. രാത്രി നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ തിരച്ചിൽ തുടരുന്നത്. തെരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തിയിട്ടുണ്ട്.
നേരം പുലരുന്നതോടെ തിരച്ചിൽ വ്യാപകമാക്കും എന്നാണ് വിവരം. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. പശുക്കളെ തിരഞ്ഞ് വനത്തിലേക്ക് പോയ പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
ALSO READ; ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ
ഇവരെ കണ്ടെത്താൻ രാത്രി വൈകിയും തെർമൽ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണെന്ന് മലയാറ്റൂർ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചികുന്നു. ബാറ്ററി തീരും, മൊബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. നിലവിൽ ഇവരുടെ ഫോൺ ഓഫാണ്.
വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ആർ സഞ്ജീവ്കുമാർ, കുട്ടംപുഴ സിഐ പിഎ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ വനത്തിന്റെ ആറുകിലോമീറ്റർ ചുറ്റളവിൽ രാത്രി വൈകും വരെ തിരച്ചിൽ നടത്തിയെങ്കിലും സ്ത്രീകളെ കണ്ടെത്താനായിരുന്നില്ല. കാണാതായവരെ തേടിപ്പോയ ഒരു തിരച്ചിൽ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here