മിഷന്‍ അരിക്കൊമ്പന്‍: സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

ഇടുക്കിയിലെ ജനവാസ കേന്ദ്രങ്ങളില്‍ നിരന്തരം ഭീഷണി സൃഷ്ടിക്കുന്ന
അരിക്കൊന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിക്ക് എതിരെ സുപ്രീം കോടതിയില്‍ പുതിയ തടസ ഹര്‍ജി. മദ്രാസ് അനിമല്‍ റെസ്‌ക്യു സൊസൈറ്റി ആണ് പുതിയ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തത് തങ്ങളുടെ വാദം കേള്‍ക്കാതെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യരുത് എന്നാണ് ഹര്‍ജിയിലെ ആവശ്യം.

നേരത്തെ വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയും തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.സര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

ഹൈക്കോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അരിക്കൊമ്പനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെടല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ നടത്തിയ അക്രമങ്ങളും സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. ഏഴുപേരെയാണ് ഇതുവരെ അരിക്കൊമ്പന്‍ കൊലപ്പെടുത്തിയത്. 2017-ല്‍ മാത്രം 52 വീടുകളും കടകളും തകര്‍ത്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് റേഷന്‍ കടകളും 22 വീടുകളും ആറ് കടകളും തകര്‍ത്തുവെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.

ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ അരിക്കൊമ്പനെ കാട്ടില്‍ നിന്ന് മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് മൃഗസ്‌നേഹികളുടെ സംഘടനയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News