ലോകം കീഴടക്കിയ സംഗീത മാന്ത്രികൻ; പിറന്നാൾ നിറവിൽ കീരവാണി

മരഗതമണി, എംഎം ക്രീം, കീരവാണി ഈ മൂന്നു പേരിനും പരസ്പര ബന്ധമുണ്ട്. വിവിധ ഭാഷകളില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ ഈ മൂന്ന് സംഗീത സംവിധായകരും ഓസ്‌കര്‍ ജേതാവുമായ എംഎം കീരവാണിയും തമ്മില്‍ എന്താണ് ബന്ധം? സാക്ഷാല്‍ കീരവാണി തന്നെ പറയും; ‘മൂന്നും ഞാന്‍ തന്നെ, ഒരു പേരില്‍ എന്തിരിക്കുന്നു. എന്റെ മേല്‍വിലാസം സംഗീതമാണ്. പേര് മറന്നു പോയാലും എന്റെ ഈണങ്ങള്‍ മറന്നു പോകരുത് എന്ന ആഗ്രഹമുള്ളു.’

ALSO READ: ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ല; വിവാദ പരാമർശത്തിൽ നടൻ റോബോ ശങ്കർ

വിവിധ ഭാഷകളില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത പേരുകള്‍ സ്വീകരിക്കേണ്ടി വന്ന സംഗീത സാമ്രാട്ട് മലയാളികള്‍ക്കും മറക്കാനാവത്ത ഒരു പിടി ഈണങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. 1991ല്‍ ഐ.വി ശശി സംവിധാനം ചെയ്ത നീലഗിരി എന്ന സിനിമയിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. പികെ ഗോപിയായിരുന്നു ഗാനരചന. തൊട്ടടുത്ത വര്‍ഷം വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസത്തിലൂടെ കീരവാണി മലയാളികളുടെ മനസിനുള്ളില്‍ ഒരിക്കലും മായാത്ത ‘തളരിത രാവില്‍ മയങ്ങിയോ സൂര്യമാനസം’ എന്ന പാട്ടിന് ഈണമിട്ടു. കൈതപ്രമായിരുന്നു ഗാനരചന. ചിത്രത്തിലെ ഗാനങ്ങളെല്ലാം ശ്രദ്ധ നേടി. 1996ല്‍ ഭരതന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദേവരാഗമായിരുന്നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അവസാന മലയാള ചിത്രം.

ALSO READ: കാലവര്‍ഷം: കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം

ദേവരാഗം സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കിയില്ലെങ്കിലും പാട്ടുകള്‍ എളുപ്പം ജനഹൃദയങ്ങള്‍ കീഴടക്കി. പ്രത്യേകിച്ച് ജയചന്ദ്രന്‍, ചിത്ര എന്നിവര്‍ പാടിയ ‘ശിശിരകാല മേഘമിഥുന രതിപരാഗവും’, ‘ശശികല ചാര്‍ത്തിയ ദീപാവലയം നം ന്തനം നംന്തനം’, ‘യയ്യയ്യയാ യാ യാദവാ എനിക്കറിയാം’, ‘താഴമ്പൂ മുടി മുടിച്ച് പതിനെട്ട് മുഴം ചോല ഞൊറിഞ്ഞുടുത്ത്’ എന്നീ ഗാനങ്ങള്‍ പുതിയ തലമുറയും പാടി നടക്കുന്ന പാട്ടുകളാണ്. ‘ശശികല ചാര്‍ത്തിയ ദീപാവലയം’ എന്ന ഗാനം ചിത്രക്കൊപ്പം പാടിയത് കീരവാണിയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എംഡി രാജേന്ദ്രനായിരുന്നു ചിത്രത്തിന് വേണ്ടി ഗാനരചന നിര്‍വ്വഹിച്ചത്.

പിന്നീട് സ്വര്‍ണചാമരംപോലുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതമൊരുക്കിയെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. വഴിയ്ക്കുവച്ചു മുടങ്ങിപ്പോയ ആ ചിത്രങ്ങള്‍ക്കൊപ്പം കെ ജയകുമാറിന്റെ വരികള്‍ക്ക് കീരവാണി സംഗീതം നല്‍കിയ ഗാനങ്ങളും വിസ്മൃതിയില്‍ ഒടുങ്ങി.

ALSO READ: തിരുവല്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.എസ് പണിക്കർ അന്തരിച്ചു

1999ല്‍ കീരവാണി ഷിബു ചക്രവര്‍ത്തിയുടെ രചനയില്‍ പുന്നാരം കുയില്‍ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയെങ്കിലും ആ സിനിമയും തീയേറ്ററിലെത്തിയില്ല. കീരവാണി ശബ്ദം നല്‍കിയ രണ്ടു പാട്ടുകള്‍ ആ ചിത്രത്തിലുണ്ടായിരുന്നു.

മലയാളത്തില്‍ സ്വന്തം സംഗീതത്തിലല്ലാതെ കീരവാണി ഒരൊറ്റ പാട്ടേ പാടിയിട്ടുള്ളു.1995 ല്‍ പുറത്തിറങ്ങിയ മാണിക്യ ചെമ്പഴുക്ക എന്ന തുലശീദാസ് ചിത്രത്തിലെ ഷിബു ചക്രവര്‍ത്തി രചിച്ച ‘മാനത്തെങ്ങാണ്ടുമെങ്ങാണ്ടുമുണ്ടേ മാണിക്യ ചെമ്പഴുക്ക’ എന്ന് തുടങ്ങുന്ന ആ ശീര്‍ഷക ഗാനമായിരുന്നു അത്. ഗാനത്തിന് ഈണമിട്ടത് കീരവാണിയുടെ ഗുരുവായ രാജാമണിയും. പിന്നീട് കീരവാണിയുടെ ഈണങ്ങള്‍ മലയാളി കേട്ടത് ഡബ്ബിംഗ് ചിത്രങ്ങളിലൂടെയാണ്.

ALSO READ: കാസർകോഡ് കനത്ത മഴയില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്വമേധയാ കേസ് എടുത്ത് ബാലാവകാശ കമ്മീഷൻ

അറുപത്തിരണ്ടിന്റെ നിറവിൽ എത്തിനിൽക്കുന്ന കീരവാണി ഇപ്പോൾ ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാറും നേടി ഇന്ത്യൻ സംഗീതലോകത്തിന്റെ നെറുകയില്‍ കൂടി നിൽക്കുകയാണ്. ആർ.ആർ.ആർ എന്ന രാജമൗലി ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനമാണ് കീരവാണിയെ ലോകപ്രശസ്തനാക്കിയത്. എ.ആർ റഹ്മാന് ശേഷം മറ്റൊരു സംഗീത സംവിധായകൻ ഓസ്കാർ ഇന്ത്യയിലെത്തിച്ചിരിക്കുന്നു. അതെ, നമ്മുടെയെല്ലാം അഭിമാനമായ സംഗീത മാന്ത്രികൻ തന്റെ അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News