മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പങ്കെടുക്കാനിരുന്ന വേദിക്ക് നാട്ടുകാര്‍ തീയിട്ടു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 63 കിലോമീറ്റര്‍ മാറി ചുരാചന്ദ്പുര്‍ ജില്ലയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. വെള്ളിയാഴ്ച ജില്ലയിലെ ജിംനേഷ്യവും കായിക കേന്ദ്രവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആളുകള്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വേദിക്ക് തീയിട്ടത്. കായിക കേന്ദ്രത്തിനും ജിമ്മിലെ ഉപകരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടായി. ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ആദിവാസി നേതാക്കളുടെ കൂട്ടായ്മയാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് പള്ളികള്‍ പൊളിക്കുന്നതിലും കാടുകളും സംരക്ഷിത വനങ്ങളും തണ്ണീര്‍ത്തടങ്ങളും സര്‍വേ നടത്തി ആദിവാസി ഊരുകളിലേക്ക് കടന്നുകയറുന്നതിനുമെതിരെയാണ് ജനരോഷം ഉയർന്നിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളെ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുകയാണെന്നും ജില്ലയില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണെന്നും ആദിവാസി നേതാക്കൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനയായ കുകിയുടെ നേതാക്കളും ആദിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ആദിവാസികളോട് സര്‍ക്കാര്‍ രണ്ടാനമ്മയെ പോലെയാണ് പെരുമാറുന്നത്. പള്ളികള്‍ സര്‍ക്കാര്‍ പൊളിക്കുകയാണ്. ആദിവാസി ഉരുകളിലേക്ക് കടന്നുകയറ്റം നടത്തുകയാണെന്നും ആദിവാസികളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയാണെന്നും അവര്‍ പറഞ്ഞു.
അനധികൃത നിര്‍മ്മാണമെന്ന് ആരാപിച്ച് ഈ മാസം മൂന്ന് പള്ളികളാണ് ബിജെപി സര്‍ക്കാര്‍ പൊളിച്ചു നീക്കിയത്.
അതേസമയം, മണിപ്പൂരിലെ ഭൂമി കൈയേറ്റ ഒഴിപ്പിക്കല്‍ നടപടികളെ തുടര്‍ന്ന് ബിജെപിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിന്നു. ബിജെപിയുടെ നാല് എംഎല്‍എമാര്‍ ഔദ്യോഗിക പദവി രാജിവച്ചിരിന്നു.
ഖൈവരക്പം രഘുമണി സിംഗ് മണിപ്പൂര്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തോക്ചോം രാധേശ്യാം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനവും കരം ശ്യാം മണിപ്പൂര്‍ സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചിരുന്നു. ഇരുവരും ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. പവോനം ബ്രോജന്‍ സിംഗ് മണിപ്പൂര്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here