ആറളം ഫാം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടുത്ത അധ്യയന വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കും: മുഖ്യമന്ത്രി

ആറളം ഫാം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ 2024-2025 അധ്യയന വര്‍ഷം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.

ആന പ്രതിരോധ മതില്‍നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കൃത്യമായ ഇടവേളകളില്‍ അവലോകനം നടത്തണം. മതില്‍ നിര്‍മാണത്തിന്റെ ഭാഗമായ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍, കൂപ്പ് റോഡ് നിര്‍മാണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഉപകുടുംബങ്ങള്‍ ഉള്‍പ്പെടെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ലഭ്യമാക്കണം.

Also Read : ഇടുക്കിയിലെ ഭൂ പ്രശ്നം; മൂന്ന് മാസത്തിനകം ചട്ടം കൊണ്ടുവന്ന് ജനങ്ങളെ രക്ഷിക്കും

ട്രൈബല്‍ വകുപ്പിന്റെ കീഴിലുള്ള ആറളം ഫാമിലും കൃഷി വകുപ്പ് ഫാമുകള്‍ക്ക് നല്‍കുന്ന വേതനം ലഭ്യമാക്കണമെന്ന യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. കൃഷി ഫാമുകള്‍ക്ക് കൃഷി വകുപ്പ് ബജറ്റ് വിഹിതം നീക്കിവെക്കുന്ന മാതൃകയില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നിശ്ചിത തുക കൃഷി ആവശ്യത്തിനും ഫാമിന്റെ വികസനത്തിനുമായി നീക്കിവെക്കണം.

ആറളം ഫാമില്‍ സ്ഥിരമായി താമസിക്കാത്ത കുടുംബങ്ങളുടെ കൈവശരേഖ റദ്ദാക്കി, ഭൂരഹിതരായ മറ്റ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സംയുക്ത പരിശോധന നടത്തി 1,746 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 262 പേരുടെ പട്ടികയും തയ്യാറാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടില്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുനരധിവാസ മേഖലയില്‍ താമസിക്കുന്ന 131 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ ലഭ്യമായിട്ടില്ല. ഇവരുടെ ഭൂപ്രശ്നം പരിഹരിക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും മുഖ്യമന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചു.

Also Read : സുകുമാരന് മുന്നില്‍ ഭാഗ്യമായി സുരേഷ്‌കുമാര്‍; സമ്മാനമടിച്ചത് വിളിച്ചുപറഞ്ഞ് മാറ്റിവെച്ച ലോട്ടറിക്ക്

പെണ്‍കുട്ടികളുടെ പ്രി-മെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യണം. നബാര്‍ഡ് – ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചുവരുന്ന പ്രി-മെട്രിക് ഹോസ്റ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ഏപ്രില്‍-മേയ് മാസങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണം.

ആറളം ഫാമിന്റെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച് സമഗ്രമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. രാജന്‍, എ. കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, വി. ശിവന്‍കുട്ടി, പട്ടികവര്‍ഗ്ഗ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News