ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയതോടെ പ്രസംഗം നിര്‍ത്തി മോദി; പരിഹസിച്ച് എഎപി

modi-tele-prompter-aap

ടെലി പ്രോംപ്റ്റര്‍ തകരാറായതിന് പിന്നാലെ പ്രസംഗം നിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ദില്ലിയിലെ ബിജെപിയെ പോലെ മോദിജിയുടെ ടെലി പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന അടിക്കുറിപ്പെടെയുള്ള വീഡിയോ ആം ആദ്മി പാര്‍ട്ടി എക്‌സില്‍ പങ്കുവെച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ദില്ലിയിലെ രോഹിണിയില്‍ നടത്തിയ പ്രസംഗത്തിനിടെ അല്പനേരം നിശബ്ദനായിരുന്നു. എന്തിനോ വേണ്ടി കാത്തു നില്‍ക്കുന്നതുപോലെ കുറച്ചു നേരത്തെ മൗനമായിരുന്നു അത്. ടെലി പ്രോംപ്റ്റര്‍ തകരാറിലായതാണ് മോദിയുടെ മൗനത്തിന് കാരണമെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ വാദം. പിന്നാലെ മോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി എക്‌സ് പോസ്റ്റ് വന്നു. ദില്ലിയിലെ ബിജെപിയെ പോലെ മോദിയുടെ ടെലി പ്രോംപ്റ്ററും പരാജയപ്പെട്ടു എന്ന അടിക്കുറിപ്പോടെയാണ് എഎപി വീഡിയോ പങ്കുവെച്ചത്.

Read Also: യുപിയിൽ മാധ്യമ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ബിജെപി പ്രവർത്തകരുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ

രോഹിണിയില്‍ നടത്തിയ പ്രസംഗത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും കെജ്രിവാളിനെയും കടന്നാക്രമിച്ചിരുന്നു മോദി. ദില്ലിയുടെ വികസനത്തിനായി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടു എന്നും മോദി ആരോപിച്ചു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും മോദി നടത്തുന്ന ഘോരഘോരമുള്ള പ്രസംഗം ടെലി പ്രോംപ്റ്ററിന്റെ സഹായത്തോടെയാണെന്ന് ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലപ്പോഴായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. തന്റെ പ്രസംഗങ്ങളില്‍ പ്രോംപ്റ്റര്‍ വേണമെന്ന് പ്രധാനമന്ത്രി എപ്പോഴും നിര്‍ബന്ധം പിടിക്കാറുണ്ടെന്നും വാർത്തകളുണ്ടായിരുന്നു. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പോസ്റ്റര്‍ ഇറക്കിയും വാക്പോര് നടത്തിയുമുള്ള ബിജെപിയുടെ ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിയുടെ ടെലി പ്രോംപ്റ്റര്‍ തകരാറിനെ ആയുധമാക്കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News