തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ധ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചതിലും കേരളത്തിന് അവഗണന. കേരളത്തില്‍ വേതനം 13 രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അതെസമയം 25 രൂപ മുതല്‍ 34 രൂപവരെ വര്‍ധനവാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് വരുത്തിയത്. കേരളത്തെ സംബന്ധിച്ച് തികച്ചും അപര്യാപ്തവും വിവേചനപരവുമാണ് കേന്ദ്ര നടപടിയെന്ന് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചു.
കേരളത്തിലെ അവിദഗ്ധ തൊഴിലാളികള്‍ക്കുള്ള വേതനം 333 രൂപയില്‍ നിന്നും 346 രൂപയായി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. കര്‍ണാടകത്തില്‍ 316 രൂപ ആയിരുന്നത് 349 രൂപയാക്കി, 33 രൂപയുടെ വര്‍ദ്ധനവ്. തമിഴ് നാടിന് 25 രൂപ വര്‍ധിപ്പിച്ചു. ഗോവയില്‍ 34 രൂപയും തെലുങ്കാനയിലും ആന്ധ്രയിലും 28 രൂപയും, വര്‍ദ്ധിപ്പിച്ചപ്പോഴാണ് കേരളത്തിന് കേവലം 13 രൂപ മാത്രം വേതന വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. വിവേചനങ്ങള്‍ക്കിടയിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9.65 കോടി തൊഴില്‍ ദിനങ്ങള്‍ നേടിയ കേരളത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം കേന്ദ്രം ആദ്യം അനുവദിച്ചത് വെറും 6 കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ത്തന്നെ സംസ്ഥാനം ആ ലക്ഷ്യം കൈവരിച്ചു.
Also Read : സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; അസൗകര്യത്തിൽ മാപ്പ് പറഞ്ഞ് പൃഥി, നാളെ തന്നെ ഇത് ശരിയാക്കാം
തദ്ദേശ മന്ത്രി എം.ബി രാജേഷ് ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിയെ കാണുകയും നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതിന്റെയും ഭാഗമായി തൊഴില്‍ ദിനങ്ങളുടെ എണ്ണം 8 കോടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. 2023 ഡിസംബറില്‍ തന്നെ കേരളം ഈ ലക്ഷ്യവും കൈവരിച്ചു. തുടര്‍ന്നുള്ള ശ്രമങ്ങളുടെ ഭാഗമായി 9.50 കോടിയായും പിന്നീട് 10.50 കോടിയായും ഉയര്‍ത്തുകയുണ്ടായി. സംസ്ഥാനം നാളിതുവരെ 9.88 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. തൊഴിലുറപ്പു പദ്ധതിയെ പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചാണ് കേരളം ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കൂടാതെ സംസ്ഥാനത്തിന് നല്‍കാനുള്ള 750 കോടിയോളം വരുന്ന , ജനുവരി മാസം മുതലുള്ള കുടിശ്ശികയും അനുവദിച്ചിട്ടില്ല.
സംസ്ഥാനത്ത് അസംഘടിത തൊഴിലാളികള്‍ക്ക് ലഭിക്കുന്ന മിനിമം വേതനത്തെ അപേക്ഷിച്ച് വളരെ കുറഞ്ഞ കൂലി മാത്രമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. ഒരു യുക്തിയും യാഥാര്‍ഥ്യബോധവുമില്ലാത്ത ഈ നടപടിയെ കേരളത്തോടുള്ള വിവേചനമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂവെന്നും വേതന വര്‍ധനവിലെ ഈ വിവേചന നടപടി തിരുത്തി ന്യായമായ വര്‍ദ്ധനവ് വരുത്തണമെന്നും മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം രാജ്യത്ത് ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴില്‍ ദിനങ്ങള്‍ 51.47 മാത്രമാണെന്നിരിക്കെ സംസ്ഥാനത്ത് അത് 67.35 ആണ്. ദേശീയ തലത്തില്‍ തന്നെ ഇത്രയും മികച്ച നേട്ടങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ കൈവരിച്ച കേരളത്തോടാണ് ഈ വിവേചനം കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here