രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിക്ഷേപങ്ങൾ നടത്താനെത്തുന്ന വൻകിട കമ്പനികളെ കേന്ദ്രസർക്കാർ ഇടപെട്ട് ഗുജറാത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ട്. തെലങ്കാന, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്താനെത്തിയ വിദേശ കമ്പനികളെയാണ് സമ്മർദ്ദങ്ങൾ ചെലുത്തിയും പ്രലോഭിപ്പിച്ചും ഗുജറാത്തിലെത്തിക്കുന്നതെന്ന് ‘ദി ന്യൂസ് മിനിറ്റ്’തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഗുജറാത്തിലേക്ക് മാറിയാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും വലിയ സഹായങ്ങളും ഇളവുകളും നൽകാമെന്നാണ് പ്രധാന വാഗ്‌ദാനം നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
യുഎസിൽ നിന്നുള്ള ഒരു സെമി കണ്ടക്ടർ നിർമാണ കമ്പനി 2022-ൽ തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിൽ വൻതോതിൽ പണം നിക്ഷേപിക്കാനായിരുന്നു പദ്ധതി. കമ്പനിയുടെ ഉദ്യോഗസ്ഥർ തങ്ങളുടെ ബിസിനസ് ചർച്ച ചെയ്യാൻ വാണിജ്യ മന്ത്രിയെ കാണാൻ ന്യൂഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയ അവരെ കാത്തിരുന്നത് ഗുജറാത്തിലേക്ക് പറക്കാൻ തയാറായി നിൽക്കുന്ന ഒരു ഹെലികോപ്റ്ററായിരുന്നു. തങ്ങളുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്ക് മാറ്റാൻ ഇങ്ങനെയാണ് കേന്ദ്ര സർക്കാർ ഇടപെട്ടതെന്ന് തമിഴ്‌നാട് മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
തമിഴ്‌നാട്ടിലോ തെലങ്കാനയിലോ സെമി കണ്ടക്ടർ കേന്ദ്രം തുടങ്ങാനായിരുന്നു അമേരിക്കൻ സെമി കണ്ടക്ടർ കമ്പനിയായ ‘മൈക്രോൺ ടെക്‌നോളജി’യുടെ താൽപര്യം. എന്നാൽ, ഗുജറാത്തിലെ അഹമദാബാദിനടുത്ത് സാനന്ദിൽ കേന്ദ്രം തുടങ്ങുമെന്നാണ് അവർ 2023 ജനുവരിയിൽ അറിയിച്ചത്. പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് കമ്പനി തീരുമാനം മാറ്റിയത്. ഗുജറാത്തിനെ കൂടുതൽ നിക്ഷേപസൗഹൃദ സംസ്ഥാനമായി പ്രധാനമന്ത്രി ഉയർത്തിക്കാട്ടുകയായിരുന്നു. ഇതിൽ കടുത്ത അതൃപ്‌തി അറിയിച്ച് തെലങ്കാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു.
ALSO READ; ദീപാവലി പാർട്ടിക്ക് ഇറച്ചിയും മദ്യവും ; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം
തമിഴ്‌നാട്ടിലേക്ക് വന്ന 6000 കോടിയുടെ നിക്ഷേപം കേന്ദ്രസർക്കാർ ഇടപെട്ട് ഗുജറാത്തിലേക്ക് കൊണ്ടുപോയതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ നേരത്തെ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയിലെ വേദാന്ത–ഫോക്‌സ്‌കോൺ പദ്ധതിയും ടാറ്റാ എയർബസ് നിർമാണ യൂണിറ്റും ഗുജറാത്തിലേക്ക് മാറ്റിയതും ഇത്തരത്തിലായിരുന്നുവെന്നും ‘ന്യൂസ്‌മിനിറ്റ്’ റിപ്പോർട്ടിൽ പറയുന്നു.
‘ഡെഫ് എക്സ്പോ’ പോലെ പല പ്രധാനപ്പെട്ട ബിസിനസ് പരിപാടികളും ഗുജറാത്തിലേക്ക് മാറ്റി, ഗുജറാത്തിനെ ഇന്ത്യയുടെ വ്യവസായ നാഗമെന്ന പോലെ അവതരിപ്പിക്കുന്ന നടപടിയാണ് നരേന്ദ്ര മോഡി പ്രധാന മന്ത്രി ആയതിനു ശേഷം നടക്കുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here