റോഡ് ഷോ താമര വിരിയാന്‍ വളമാകില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തകൃതിയായി മുന്നേറുന്നുമുണ്ട്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചില പ്രത്യേകതകളുണ്ട്. ഇത്തവണ കേരളത്തില്‍ രണ്ടക്ക അക്കൗണ്ട് തുറക്കുമെന്ന വാശിയിലാണ് സുരേഷ് ഗോപി ജിയും മോദിജീയും. പൂജ്യം പൂജ്യം എന്നത് രണ്ടക്കമാണ് എന്നത് ഇവര്‍ക്ക് അറിയാത്ത കാര്യമാണോ എന്തോ ? എങ്കിലും വാശിക്ക് ഒരു കുറവുമില്ല. അതിനായി അങ്ങ് പ്രധാനമന്ത്രിയെ വരെ കേരളത്തിലിറക്കാന്‍ ദില്ലിവരെ പോയ സുരേന്ദ്രന്‍ ജിയുടെ ആത്മാര്‍ത്ഥത കേരളം കാണാതെ പോകരുത് എന്നാണ് എന്റെ ഒരു ഇത്.

കേരളത്തില്‍ താമര വിരിയിക്കാന്‍ മോദി ഇപ്പോള്‍ ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോകുന്നത് ഒട്ടുമിക്ക മലയാളികളും അറിയുന്നേ ഇല്ല എന്നതാണ് സത്യാവസ്ഥ. ജനുവരിയില്‍ തൃശ്ശൂരും വീണ്ടും ജനുവരിയില്‍ എറണാകുളത്തും പിന്നീട് വീണ്ടും തൃശ്ശൂരും തുടര്‍ന്ന് പത്തനംതിട്ടയിലുമെല്ലാം മോദിജി വന്നത് വെറുതെയാണ് നിഷ്‌കളങ്കരായ നിങ്ങള്‍ കരുതിയോ ?

എന്നാല്‍ ആ ഓരോ വരവിലും രാഷ്ട്രീയം പൊതിഞ്ഞുപിടിക്കാന്‍ മോദിജിയും  സംഘപരിവാറും കിണഞ്ഞു ശ്രമിക്കുന്നുണ്ട്. മോദിയെ ഇടയ്ക്കിടെ ഇങ്ങനെ കേരളത്തിലെത്തിച്ചാല്‍ ബിജെപിക്ക് വോട്ട് ലഭിക്കുമെന്ന് ആരോ സംഘപരിവാറിനെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഇത്തരത്തിലുള്ള സാഹസത്തിനൊന്നും മോദിജി മുതിരില്ലെന്ന് നമുക്ക് അറിയാവുന്ന കാര്യമല്ലേ.

എന്തിരുന്നാലും മോദിയുടെ ഈ വരവിന് പിന്നിലുള്ള രാഷ്ട്രീയത്തെ മലയാളികള്‍ നിര്‍ബന്ധമായും തിരിച്ചറിയേണ്ടതുണ്ട്. തുടരെ തുടരെ പ്രധാനമന്ത്രി കേരളത്തിലെത്തുന്നതും ഈ റോഡ് ഷോകള്‍ നടത്തുന്നതുമെല്ലാം മലയാളികള്‍ക്ക് വേണ്ടിയാണെന്നും മലയാളികളെ ഇഷ്ടമുള്ളതുകൊണ്ടുമാണെന്നും ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറുതെയാണ്. കേവലം വോട്ടുകള്‍ക്ക് വേണ്ടി മാത്രമുള്ള പ്രഹസനം മാത്രമാണത്. എന്നാല്‍ ഈ പൊള്ളയായ വെച്ചുകെട്ടലിനെയും മലയാളികള്‍ മനസിലാക്കിത്തുടങ്ങിയെന്ന് കഴിഞ്ഞ ദിവസത്തെ മോദിയുടെ കേരള സന്ദര്‍ശനം നമുക്ക് തുറന്നുകാട്ടിത്തരുന്നുണ്ട്.

കഴിഞ്ഞ ദിവസം പാലക്കാടെത്തിയ മോദിയേയും റോഡ് ഷോയും കാണാനെത്തിയത് വെറും അയ്യായിരം പേര്‍ മാത്രമാണ്. മോദിയെക്കാണാന്‍ പാലക്കാടിളകി വരും എന്ന സംഘപരിവാറിന്റെ അഹന്തയുടെ നെഞ്ചിലേറ്റ ആണിയായിരുന്നു പാലക്കാട്ടുകാരുടെ ആ അസാന്നിധ്യം. റോഡ് ഷോകള്‍ നടത്തിയതുകൊണ്ട് വോട്ട് കിട്ടും എന്ന ബിജെപിയുടെ ധാരണ തെറ്റിധാരണയാണ്. അത് ബിജെപിക്ക് ബാംഗ്ലൂര്‍ കൃത്യമായി മനസിലാക്കിക്കൊടുത്തിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാഗ്ലൂരില്‍ മാത്രം നടത്തിയത് 6 റോഡ് ഷോകളായിരുന്നു. എന്നാല്‍ അവസാനം പവനായി ശവമായി എന്ന് പറഞ്ഞതുപോലെ ബാംഗ്ലൂരില്‍ ബിജെപി പൊട്ടിത്തകര്‍ന്നത് നമ്മള്‍ കണ്ടതായിരുന്നു.

ഇപ്പോള്‍ മോദിയെ കാണാനായി പാലക്കാട് തിക്കും തിരക്കുമില്ലാതെ റോഡുകളില്‍ അവിടെയും ഇവിടെയുമായി മാത്രം കുറച്ചുപേര്‍ റോഡില്‍ അണിനിരന്നെങ്കില്‍ നിങ്ങള്‍ ഒന്ന് കരുതിയിരുന്നോളൂ മോദിജീ. നിങ്ങളുടെ പ്രഹസനം മലയാളികള്‍ക്ക് മനസിലാകാന്‍ രാവിരുട്ടി വെളുക്കുകയൊന്നും വേണ്ട. മലയാളികള്‍ പൊളിയാണ് എന്ന് പറയുന്നതും വെറുതെയല്ല. ഇന്ത്യയെന്ന ആശയം പോലും രാജ്യത്ത് നിന്നും തുടച്ചുനീക്കാനൊരുങ്ങുന്ന ബിജെപിക്കോ സംഘപരിവാരത്തിനോ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഒരടി പോയിട്ട് ഒരിഞ്ച് സ്ഥലം പോലും കേരളക്കരയില്‍ കിട്ടില്ലെന്ന് ഇനിയെങ്കിലും നിങ്ങള്‍ മനസിലാക്കണം. വോട്ടിന് ഒരു കുപ്പിയെന്ന ആയുധമോ മേരാ ഭാരത് മേരാ പരിവാര്‍ എന്ന മാസ്സ് ഡയലോഗോ ഒന്നും കേരളത്തില്‍ താമര വിരിയാനുള്ള വളമാകുമെന്ന് ഒരു ജീമാരും കരുതേണ്ട. കാരണം നിങ്ങളുടെ ചിന്തകള്‍ക്കും അപ്പുറമാണ് കേരളവും മലയാളികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News