അപകീര്‍ത്തി കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ഹര്‍ജിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന് രാഹുല്‍ഗാന്ധി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ പൂര്‍ണേഷ് മോദി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്.
2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍വെച്ച് ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.
Also read- സംഘപരിവാറിന്റെ വിദ്വേഷ വിളവെടുപ്പ്; രാജ്യം നോക്കിനില്‍ക്കരുതെന്ന് ഐ എന്‍ എല്‍
തുടര്‍ന്ന് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രാഹുലിന്റെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാ വിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയത്. പത്തിലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായും ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here