ഈസ്റ്റർ ദിനത്തിലാണ് ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയത്. ഇരുപത് മിനിറ്റിലേറെ നേരം മോദി പള്ളിയിൽ ചെലവിട്ടു. പ്രാർഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ കൊയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. തുടർന്ന് ദേവാലയ മുറ്റത്ത് വൃക്ഷത്തൈ നട്ടതിനു ശേഷമാണ് മോദി മടങ്ങിയത്.
പ്രധാന മന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളി സന്ദർശിച്ചത്. ചരിത്ര പ്രാധാന്യം, മുൻപ് ദേവാലയം സന്ദർശിച്ച പ്രമുഖ വ്യക്തികൾ, ദൂരം, സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാനുള്ള സൗകര്യം എന്നിവ പരിഗണിച്ചാണ് ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രൽ തെരഞ്ഞെടുത്തത്. ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.
ക്രിസ്ത്യൻ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നും വിമർശനം ഉയർന്നു കഴിഞ്ഞു. അതേസമയം, ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാഅധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചു. ക്രൈസ്തവ സമൂഹത്തെ ഒപ്പം കൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിന സന്ദര്‍ശനങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here