‘നോ എൻട്രി’, ‘നോ പാർക്കിംഗ്’ സോണുകൾ;  ശിശുദിനത്തിൽ സ്കൂൾ കുട്ടികളെ വലച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ

modi roadshow maharashtra

നവംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവി മുംബൈ ട്രാഫിക് പോലീസ് ഖാർഘറിൽ ഭാഗികമായ റൂട്ട് മാറ്റങ്ങളോടൊപ്പം “നോ എൻട്രി”, “നോ പാർക്കിംഗ്” സോണുകൾ നടപ്പിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. 3 മണിക്കാണ് തെരഞ്ഞെടുപ്പ് യോഗം.
പ്രവർത്തി ദിനമായതിനാൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന പ്രദേശത്തെ സ്കൂളുകൾക്കും നിയന്ത്രണം ബാധകമായിരിക്കും.

ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഖാർഘറിലെ പ്രധാന റോഡുകളെല്ലാം അടച്ചു. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള നിരവധി പ്രമുഖർ പങ്കെടുക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെ ഈ മേഖലയിലെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ പ്രവേശനം നവി മുംബൈ ട്രാഫിക് പോലീസ് നിരോധിച്ചിരിക്കുന്നത്. കൂടാതെ പല റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും നിരോധിച്ചു.

ALSO READ; മഹാരാഷ്ട്രയിലെ വേറിട്ട സ്ഥാനാർഥി മുഖം, നിയമസഭയിലെ ഏറ്റവും കുറവ് സമ്പാദ്യമുള്ള ജനപ്രതിനിധി; വിജയമുറപ്പിച്ച് ഇടത് സ്ഥാനാർഥി വിനോദ് നിക്കോളെ

നവി മുംബൈ ഗതാഗത വകുപ്പിന്റെ വിജ്ഞാപനം അനുസരിച്ച് വി ഐ പി വാഹനങ്ങൾ, പോലീസ്, സർക്കാർ, അവശ്യ സേവനങ്ങൾ കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനായി വരുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ മേഖലയിലേക്ക് പ്രവേശിക്കാൻ അനുവാദം. പ്രദേശത്തെ സ്കൂളുകൾക്കും നിയന്ത്രണം ബാധകമായിരിക്കും. പ്രവർത്തി ദിനമായതിനാൽ ദുരിതത്തിലാകുന്നത് തിരക്കേറിയ ഖാർഘറിലും പരിസര പ്രദേശങ്ങളിലുമുള്ള റോഡിനെ ആശ്രയിക്കുന്ന സ്കൂൾ കുട്ടികൾ അടങ്ങുന്ന പതിനായിരങ്ങളാണ്.

ഖാർഘറിലെ സ്കൂളുകളിൽ ഇന്ന് നടത്താനിരുന്ന ശിശുദിന ആഘോഷങ്ങളുടെ സമയക്രമം മാറ്റിയ വിവരങ്ങളും ബന്ധപ്പെട്ട ഗ്രൂപ്പുകളിലൂടെ മാനേജ്മെന്റ് അറിയിച്ചു. എന്നിരുന്നാലും കടുത്ത ഗതാഗത നിയന്ത്രണം നിലനിൽക്കെ കുട്ടികളെ സ്കൂളുകളിൽ അയക്കുവാനുള്ള ആശങ്കയിലാണ് രക്ഷിതാക്കളും. ചില സ്കൂളുകൾ സാഹചര്യം കണക്കിലെടുത്ത് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ALSO READ; എൻസിപി അജിത് പവാർ പക്ഷത്തിന് സുപ്രീംകോടതിയുടെ ശാസന

ഇതൊക്കെയാണെങ്കിലും ഖാർഘർ നിവാസികൾക്ക് സന്തോഷിക്കാനും വകയുണ്ട്. കാലങ്ങളായി അവഗണനയിൽ കിടന്നിരുന്ന കുഴികളുള്ള റോഡുകളും തകർന്ന നടപ്പാതകളും അതിവേഗമാണ് നന്നാക്കിയത്. പ്രധാനമന്ത്രി ഇടയ്ക്കിടെ ഈ വഴി വരണമെന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ പരിഹസിക്കുന്നത്. പൻവേൽ മുനിസിപ്പാലിറ്റി ഖാർഘർ മേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും, പ്രവർത്തന രഹിതമായ തെരുവ് വിളക്കുകൾ നന്നാക്കലും കൂടാതെ ഹിരാനന്ദാനി മുതൽ തലോജ കോളനി വരെയുള്ള റോഡിൻറെ ഇരുവശത്തുമുള്ള പുല്ലു വരെ നീക്കം ചെയ്തുള്ള ഒരുക്കങ്ങളും പ്രദേശവാസികളെ ഹാപ്പിയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News