‘കശ്മീരിലേക്ക് വരൂ, ഇവിടത്തെ കുഞ്ഞുങ്ങളുടെ മുഖത്തെ പ്രതീക്ഷയും പുഞ്ചിരിയും കാണൂ. കലാകാരും സാംസ്‌കാരികപ്രവര്‍ത്തകരുമായ പുതുതലമുറയുടെ ചുണ്ടിലെ പുഞ്ചിരി ആര്‍ക്കും തട്ടിയെടുക്കാനാകില്ലെന്നതാണ് ഞങ്ങള്‍ കാശ്മീരികളെ ജീവിപ്പിക്കുന്നത്.’ നിലയ്ക്കാത്ത പോരാട്ടത്തിന്റെ പ്രതീകമായ കാശ്മീരിലെ കുല്‍ഗാം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയുടെ വാക്കുകള്‍ നിയമസഭാ പുസ്തകോത്സവത്തിലെ ഡയലോഗ് സെഷനില്‍ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു. ഭയത്തിന്റെ ഇരുണ്ടകാലത്ത് കശ്മീരില്‍ കലയും സംസ്‌കാരവും സ്വതന്ത്രചിന്തയും എങ്ങനെ അതിജീവിക്കുമെന്ന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തരിഗാമി. യഥാര്‍ത്ഥ കാശ്മീര്‍, പറയപ്പെടാത്ത കഥകള്‍ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
ഒരേസമയം തീവ്രവാദ ശക്തികളുടെയും ഭരണവര്‍ഗത്തിന്റെയും ശത്രുവായിരിക്കുകയും ആക്രമണങ്ങള്‍ നേരിടേണ്ടിവരികയും ചെയ്ത അനുഭവവും തരിഗാമി വിവരിച്ചു. സമാധാനപൂര്‍വം ജീവിച്ച ഒരു നാടാണത്. ഏറ്റവും സമാധാനമുള്ള ഇടം. മനോഹരമായ ഭൂപ്രദേശവും കാലാവസ്ഥയും. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ചരിത്രത്തില്‍ കശ്മീരിന് വ്യക്തമായ ഇടമുണ്ട്. ഒരു മതേതര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ കശ്മീരിന്റെ പങ്ക് വലുതാണ്. വിഭജനകാലത്ത് മതേതര ഇന്ത്യയോട് ചേര്‍ന്നുനില്‍ക്കാന്‍ തീരുമാനിച്ചത് ചരിത്രപരമായ ബന്ധം കൊണ്ടാണ്. ഇന്ത്യമുഴുവന്‍ കലാപങ്ങളും അസ്വസ്ഥതയും നിറഞ്ഞ അക്കാലത്തുപോലും ഒരൊറ്റ വര്‍ഗീയകലാപം നടന്നിട്ടില്ലാത്ത നാടായിരുന്നു കാശ്മീര്‍. അന്ന് ഭരണഘടന കാശ്മീരിന് നല്‍കിയ ഉറപ്പുകളെല്ലാം ഇന്ന് കാറ്റില്‍പറത്തി. പ്രത്യേക പദവിയുണ്ടായിരുന്ന കാശ്മീര്‍ ഇപ്പോള്‍ ഒരു സംസ്ഥാനം പോലുമല്ലാതായി. രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി സംവദിക്കാന്‍ പോലുമാകാത്ത വിധം കശ്മീര്‍ ഒറ്റപ്പെട്ട തുരുത്തായി.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടി കാശ്മീര്‍ ജനതയോടുള്ള വെല്ലുവിളിയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നിരാകരണവുമാണ്. കശ്മീരിലെ സംഭവവികാസങ്ങളെ ഒറ്റപ്പെട്ട സംഭവമായോ കാശ്മീരിനെ ഒറ്റപ്പെട്ട ഇടമായയോ കണക്കാക്കരുത്. ഒരു രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാണിതെന്ന് തിരിച്ചറിയണം. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ ഇല്ലാതായി. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിമാരേക്കാള്‍ അധികാരം ഗവര്‍ണര്‍മാരില്‍ നിക്ഷിപ്തമാക്കാന്‍ ശ്രമിക്കുന്നു. ഒരു രാഷ്ട്രം ഒരു നികുതി അടിച്ചേല്‍പ്പിച്ചതോടെ പല സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ ഫണ്ടുകള്‍ ലഭിക്കാതായി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കിയാല്‍ ഫെഡറല്‍ സംവിധാനം തകരും. സംസ്ഥാനങ്ങള്‍ക്ക് അധികാരം നഷ്ടപ്പെടും ഒരു രാജ്യം ഒരു ഭാഷ നടപ്പാക്കാനുള്ള ശ്രമം നടക്കുന്നു. ഒരു രാജ്യം ഒരു നേതാവ് എന്നതും നടപ്പാകുമോ എന്ന് ഭയക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീര്‍ തുറന്ന ജയിലായി മാറി. കശ്മീരിന് പുറത്ത് ഒരു ഡോക്ടറുടെ സേവനമോ മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്ന മക്കളുമായി സംസാരിക്കാനോ കഴിയാത്ത വിധം കാശ്മീര്‍ ഒറ്റപ്പെട്ടു. തങ്ങള്‍ക്കും ജീവിക്കണം, നല്ലൊരു ജീവിതം സാധ്യമാകണം. ഇരുട്ടും കണ്ണീരും കഥപറയുന്ന കശ്മീരിന്റെ പുതുതലമുറയുടെ ചുണ്ടിലെ ചിരി മായാതിരിക്കണം. തനിക്കീ നാട്ടിലെ ജനങ്ങളില്‍ വിശ്വാസമുണ്ട്. ജനാധിപത്യവും ഭരണഘടനയും നിലനില്‍ക്കുമെങ്കില്‍ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും നീതിയും കാശ്മീര്‍ ജനതയ്ക്കും ലഭിക്കുമെന്ന് തനിക്കുറപ്പുണ്ട്. പല അഭിപ്രായങ്ങളും നിലപാടുകളും രാഷ്ട്രീയവും ഉണ്ടായിരിക്കുമ്പോഴും മതേതരമായും ജനാധിപത്യപരമായും നിലനില്‍ക്കുന്ന ഒരു രാജ്യം വേണമെന്നാഗ്രഹിക്കുന്ന മനുഷ്യരിലാണ് കശ്മീരിന്റെ പ്രതീക്ഷ. അതിനായി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും ജനാധിപത്യവാദികളുടെ പിന്തുണ വേണമെന്നും തരിഗാമി പറഞ്ഞു.
കശ്മീര്‍ മുഖ്യമന്ത്രിയെക്കാള്‍ കേരളത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് തരിഗാമിയാണെന്നും മതനിരപേക്ഷ, ഫെഡറല്‍ ഇന്ത്യയുടെ കാവലാളും പ്രതിരോധത്തിന്റെ പ്രതീകവുമായുമാണ് മലയാളികള്‍ തരിഗാമിയെ കാണുന്നതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. കുല്‍ഗാമില്‍ തരിഗാമി ഇത്തവണ ജയിക്കില്ലെന്ന് കേരളത്തില്‍പോലും പ്രചാരണം നടന്നപ്പോഴാണ് അഞ്ചാമതും വിജയിച്ച് എംഎല്‍എ ആയി ഇപ്പോള്‍ കേരളത്തിലേക്ക് വന്നത്. ഇരുണ്ട കാലത്തെ പറ്റിയുള്ള പാട്ടുകള്‍ പ്രതിധ്വനിക്കുന്ന കാശ്മീര്‍ താഴ്വരയില്‍ സമാധാനത്തിന്റെ പാട്ടുകളുയരാന്‍ ഒരുമിച്ച് പോരാടാമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here