ഇന്ന് വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷികം .ഇന്ത്യന്‍ സിനിമാ ലോകത്തെ ആദ്യ കാല പിന്നണി ഗായകനായ മുഹമ്മദ് റഫി 7,405 ഗാനങ്ങളാണ് ലോകത്തിനു സമ്മാനിച്ചത്.
റഫിയുടെ കടുത്ത ആരാധകനായ ചലച്ചിത്ര നടൻ ജയരാജ് വാരിയർ . മുംബൈ സന്ദർശന വേളയിൽ അനശ്വര ഗായകന്റെ ബാന്ദ്രയിലെ വീട്ടിലെത്തി ആദരാജ്ഞലികൾ അർപ്പിച്ച് മടങ്ങുമ്പോൾ സംഗീതത്തിന്റെ ശ്രീകോവിലിൽ എത്തിയ അനുഭൂതിയെന്നാണ് നടനും ഗായകനുമായ ജയരാജ് വാരിയർ പറഞ്ഞത്
അതെ സമയം രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായകന് ഒരേയൊരു ദേശീയ അവാർഡ് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ജയരാജ് ചൂണ്ടിക്കാട്ടി.അനശ്വര ഗായകന്റെ ഓഫീസായി ഉപയോഗിച്ചിരുന്ന മുറി ഇന്ന് ഒരുപാട് ഓർമ്മകൾ പേറുന്ന മ്യുസിയമാണ്. റാഫിയുടെ മരുമകൻ പർവേസ് അഹമ്മദും വേൾഡ് ഓഫ് മുഹമ്മദ് റഫി വെൽഫെയർ ഫൗണ്ടേഷൻ ഡയറക്ടർ വെങ്കിടാചലവുമാണ് ഇതിഹാസ ഗായകന്റെ ചരിത്രത്തിലൂടെ ജയരാജിനെ കൂട്ടികൊണ്ട് പോയത്.
റഫി ഉപയോഗിച്ചിരുന്ന ഫോണും പേനയും വരെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. മുറി നിറയെ റഫിയുടെ കരസ്പർശമുള്ള ഓർമ്മകൾ. ഹാർമോണിയം മുതൽ തബല അടങ്ങുന്ന വാദ്യോപകരണങ്ങൾ വരെ.തൊള്ളായിരത്തോളം റഫി ഫാൻ ക്ലബുകൾ ഇന്ത്യയിൽ മാത്രമുണ്ടെന്നാണ് തൃശൂർ സ്വദേശിയായ വെങ്കിടാചലം പറയുന്നത്. മുംബൈയിൽ റഫിക്ക് സ്മാരകം നിർമ്മിക്കാൻ ബാന്ദ്രയിലെ റോഡിന് റഫിയുടെ പേര് നൽകാൻ മുൻകൈയ്യെടുത്ത മലയാളി.
റഫിയെ കുറിച്ചുള്ള കഥകൾ ജയരാജുമായി വെങ്കിടാചലം പങ്ക് വച്ചു . റഫിയുടെ പ്രീമിയർ പത്മിനി കാർ ഗായകൻ ബാലസുബ്രമണ്യത്തെ ആഗ്രഹ പ്രകാരം ചെന്നൈയിലേക്ക് അയച്ചു നൽകിയതും പത്മശ്രീ പുരസ്‌കാരത്തിന് അണിഞ്ഞിരുന്ന ടൈ ഗായകൻ ജയചന്ദ്രന് സമ്മാനിച്ചതുമെല്ലാം ജയരാജ് കൗതുകത്തോടെ കേട്ടു.നല്ല വസ്ത്രങ്ങൾ ധരിക്കണം. നന്നായി ഭക്ഷണം കഴിക്കണം. റഫിയുടെ ശീലങ്ങൾ ഓർത്തെടുത്ത് വെങ്കിടാചലം പറഞ്ഞു. പിന്നെ റെക്കോർഡിങ്ങിന് പോകുന്നതിന് മുൻപ് നാലഞ്ച് കുപ്പി തണുത്ത കൊക്കോ കോള നിർബന്ധമാണ്.ഓർമകളിൽ മറഞ്ഞെങ്കിലും ഇന്നും കാലം മൂളിനടക്കുന്നൊരീണമാണു മുഹമ്മദ് റഫി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here