മൂന്ന് ആത്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചവൻ, അത്രമേൽ തീ കൊണ്ട കാലത്തിലൂടെ നടന്നു കയറിയവൻ; അഭിനന്ദിക്കും മുൻപ് നമ്മൾ മാപ്പ് പറയണം ഷമിയോട്

ലോകകപ്പിൽ ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റ് എടുത്തതോടെ വർഗീയ വിഷം ഉള്ളിലില്ലാത്ത ഇന്ത്യൻ ജനത മുഴുവൻ നെഞ്ചിലേറ്റിയ ഒരു പേരുണ്ട്, മുഹമ്മദ് ഷമി. വേട്ടയാടലുകൾക്കും അതിജീവനത്തിനുമിടയിൽ അയാൾ അനുഭവിച്ച നോവും മാനസിക സമ്മർദ്ദങ്ങളും നിരവധിയാണ്. അത് വ്യക്തമാക്കിക്കൊണ്ടുള്ള ധാരാളം എഴുത്തുകൾ ഇന്നും ഇന്നലെയുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിലൊന്നായിരുന്നു ഹരിനാരായണൻ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്. ഷമിയുടെ ജീവിതവും അയാൾക്ക് നേരെയുള്ള ആക്രമണങ്ങളും അയാളോട് നമ്മൾ ഓരോരുത്തരും പുലർത്തേണ്ട നീതിയുമാണ് ഈ പോസ്റ്റിൽ ചർച്ച ചെയ്യുന്നത്.

ALSO READ: ഒരു ലോക്കൽ മാച്ച് കളിച്ചാൽ 500 രൂപ കിട്ടും, ടെൻ്റുകളിലും സഹതാരങ്ങളുടെ ഹോട്ടൽ മുറികളിലും താമസം; ഷമിയുടെ ദൈവദൂതനായത് ദേവവ്രത ദാസ്

വായിക്കാം ഹരിനാരായണൻ്റെ ഫേസ്ബുക് കുറിപ്പ്

ഇന്നത്തെ മത്സരത്തിൽ കെയിൻ വില്യംസൻ്റെ ക്യാച്ച് മുഹമ്മദ് ഷമി വിട്ടപ്പോൾ ഒരു സുഹൃത്ത് ചില ട്വിറ്റർ കമൻ്റുകളുടെ സ്ക്രീൻ ഷോട്ട് അയച്ചു തന്നു. (ഇവിടെ പതിക്കുന്നില്ലെന്ന് മാത്രം ) എത്രപെട്ടെന്നാണ് അയാൾ വീണ്ടും ദേശദ്രോഹിയും പാക്കിസ്ഥാൻ കാരനും ആകുന്നത്. എറിഞ്ഞ ആദ്യ പന്തിൽ വിക്കറ്റെടുത്ത് ,ആ സമയം ആകെ വീണ രണ്ട് വിക്കറ്റുകളും എടുത്ത് നിൽക്കുമ്പോഴാണെന്ന് ഓർക്കണം പിന്നെ വീണ്ടും അഞ്ചു വിക്കറ്റ് കൂടി എടുത്തപ്പോൾ ഷമി വീണ്ടും ഹീറോയായി.

2021 ലെ T20 മാച്ചിൽ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റപ്പോൾ അയാൾ നിമിഷങ്ങൾക്കുള്ളിൽ രാജ്യദ്രോഹിയും ഒറ്റുകാരനുമായി. അന്ന് കളിച്ച പതിനൊന്നു പേരിൽ ഒരാൾ മാത്രമായിരുന്നു ആ പതിനൊന്നാം നമ്പറുകാരൻ. പക്ഷെ അയാൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടവനായി, കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്. തൊട്ടുമുമ്പ് നടന്ന ഏഷ്യാക്കപ്പിൽ പലപ്പോഴും അയാൾ മൈതാനത്തിന് പുറത്തായിരുന്നു. ഈ ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും അയാൾ പുറത്ത് തന്നെ. വിന്നിങ്ങ് കോമ്പിനേഷനുവേണ്ടി ( ശാർദ്ദൂൽ ടാക്കൂറിനു വേണ്ടി എന്നത് മറ്റൊരു തമാശ ).

അതിനിടക്ക് ഏതോ ഇൻ്റർവ്യൂവർ ഷമിയോട് ചോദിച്ചു, പുറത്തിരിക്കുന്നതിൽ വിഷമമില്ലേ? ഷമി ചിരിച്ചു കൊണ്ട് പറഞ്ഞു ‘ടീം ജയിക്കുകയല്ലേ ഞാനുണ്ടോ എന്നതല്ല വിഷയം .ടീം ജയിക്കുന്നതാണ് സന്തോഷം’. അയാൾക്ക് ചിരിക്കാനേ കഴിയു. കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ് ഒടുവിൽ ഹർദിക് പാണ്ഡ്യക്ക് പരിക്കേറ്റ് ആദ്യ മത്സരം അതിൽ അഞ്ച് വിക്കറ്റ്. അടുത്തതിൽ നാല് വീണ്ടും അഞ്ച് എന്നിട്ടും ഒരു ക്യാച്ച് വിട്ടപ്പോൾ അയാൾ രാജ്യദ്രോഹി. കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്.

ALSO READ: അമിത രക്തസ്രാവം; ഭർത്താവിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

ഇനി അയാൾ ഫൈനൽ കളിക്കാൻ പോകുന്നതോ അഹമ്മദാബാദിലേക്ക്. ഏഴ് മാസം മുമ്പ്, മാർച്ചിൽ ,ഇന്ത്യ- ആസ്ത്രേല്യ നാലാം ടെസ്റ്റിൽ, ജയ് ശ്രീറാം വിളിച്ചാണ് അവിടെയുള്ള ഒരു കൂട്ടം ആരാധകർ അയാളെ അറ്റാക്ക് ചെയ്തത്. കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്. ഫൈനലിലും ആ ഭയപ്പാടോടെയാവണം അയാൾ കളിക്കുക. ഒരു ക്യാച്ച് വിട്ടാൽ, ഒരു മിസ് ഫീൽഡ് വന്നാൽ, റൺ വഴങ്ങിയാൽ അയാൾ വീണ്ടും രാജ്യദ്രോഹിയാവും. കാരണം അയാളുടെ പേര് മുഹമ്മദ് ഷമി എന്നാണ്. എത്ര വിക്കറ്റ് വീഴ്ത്തിയാലാവും അയാൾക്കാ പേര് മാറിക്കിട്ടുക പത്തിൽ പത്ത് അതോ പതിന്നൊന്ന്? അയാൾ വിക്കറ്റ് വീഴ്ത്തി കൊണ്ടേയിരിക്കും. അത്രമേൽ തീ കൊണ്ട കാലത്തിലൂടെ നടന്നു കയറിയതാണ്. മൂന്ന് ആത്മഹത്യാ ശ്രമങ്ങളെ അതിജീവിച്ചവനാണ്. വിക്കറ്റ് വീഴ്ത്താതെ അയാൾക്ക് വേറെ നിവൃത്തിയില്ല. ഒരു അബദ്ധം പിണഞ്ഞാൽ എല്ലാം തീർന്നു. കാരണം അയാളുടെ പേര് വിരാട് കോലിയെന്നോ, ജസ് പ്രീത് ബുംറയെന്നോ ,രോഹിത് ശർമ്മയെന്നോ അല്ല. മുഹമ്മദ് ഷമി എന്നാണ് ആ മനുഷ്യനെ അഭിനന്ദിക്കും മുമ്പ് നമ്മളോരോരുത്തരും അയാളോട് ആയിരം വട്ടം മാപ്പു പറയേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News