തൻ്റെ ഏറ്റവും മികച്ച പ്രകടനവുമായി സിറാജ്; ബാംഗ്ലൂരിന് സീസണിലെ ആദ്യ എവേ മത്സര വിജയം

ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ എവേ മത്സര വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിംഗ്സിനെ 24 റൺസിനാണ് മൊഹാലിയിൽ റോയൽ ചലഞ്ചേഴ്സ് തോൽപിച്ചത്. ഫാഫ് ഡുപ്ലെസിയുടെയും വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ബാറ്റിംഗും മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബോളിംഗുമാണ് ബാംഗ്ലൂരിന് മികച്ച വിജയം സമ്മാനിച്ചത്. ഡുപ്ലെസി 56 പന്തിൽ 5 ഫോറുകളും 5 സിക്സറുകളും ഉൾപ്പെടെ 84 റൺസ് നേടി. കോഹ്‌ലി 47 പന്തിൽ 59 റൺസ് നേടി.ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. പഞ്ചാബിന് വേണ്ടി ഹർദീപ് ബ്രാർ 2 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 18.2 ഓവറിൽ 150 റൺസിന് എല്ലാവരും പുറത്തായി. 46 റൺസെടുത്ത ഓപ്പണർ പ്രഭ്സിമ്രാൻ സിംഗും അവസാന നിമിഷം വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ( 27 പന്തിൽ 41 റൺസ്) വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ്മയുമാണ് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം നടത്തിയത്.

4 ഓവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി ഐപിഎല്ലിലെ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബോളിംഗ് പ്രകടനമാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ തകർത്തത്. 2 വിക്കറ്റെടുത്ത വാനിന്ദു ഹസരംഗയും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഹർഷൽ പട്ടേലും വെയ്ൻ പാർണലും സിറാജിന് മികച്ച പിന്തുണ നൽകി. സിറാജാണ് പ്ലെയർ ഓഫ് ദ് മാച്ച്.

പഞ്ചാബിൻ്റെ തട്ടകമായ മൊഹാലിയിൽ നേടിയ വിജയത്തോടെ  ആർസിബി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. പഞ്ചാബ് കിംഗ്സ് നിലവിൽ പോയിൻ്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News