കുവൈറ്റിലേക്കുള്ള മന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ കേന്ദ്രത്തെ അനുകൂലിച്ച രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ വിമർശിച്ച് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ. കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർഥി എക്സിൽ പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടാണ് സുബൈർ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘വീണാ ജോർജ് കേരളത്തിൻ്റെ ആരോഗ്യമന്ത്രിയാണ്, നിങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത് മിസ്റ്റർ’, എന്നാണ് സുബൈർ രാജീവ് ചന്ദ്രശേഖറിനോട് ചോദിച്ചത്.
‘സിപിഎം സമീപിക്കേണ്ടത് പോലെ അല്ല കുവൈറ്റ് പോലുള്ള ദുരന്തങ്ങളെ കാണേണ്ടത്. ഇത്തരം എല്ലാ ദുരന്തങ്ങളിലും മോദി സർക്കാർ അതിവേഗം പ്രതികരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കേരളത്തിലേക്ക് തിരിച്ചയക്കുന്നു’, എന്നാണ് ദുരന്തമുഖത്തുപോലും രാഷ്ട്രീയം കാണിച്ചുകൊണ്ട് രാജീവ് കേരള സർക്കാരിനെ വിമർശിച്ചത്. ഇതിനെതിരെയാണ് മുഹമ്മദ് സുബൈർ രംഗത്ത് വന്നത്.
‘വീണാ ജോർജ് കേരളത്തിൻ്റെ ആരോഗ്യമന്ത്രിയാണ്. കുവൈത്തിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഏകോപിപ്പിക്കാൻ ഏറ്റവും യോഗ്യയായ ആൾ. അവരെ വിമർശിക്കാൻ നിങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത്’, മുഹമ്മദ് സുബൈർ എക്സിൽ ചോദിച്ചു. അതേസമയം, നിരവധി ആളുകളാണ് രാജീവ് ചന്ദ്രശേഖറിന്റെ വിദ്വേഷ പരാമർശത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കളമശ്ശേരി പൊട്ടിത്തെറിയിലും സമാനമായ വിദ്വേഷ പരാമർശങ്ങളാണ് ബിജെപി നേതാക്കൾ എല്ലാവരും പടച്ചുവിട്ടതെന്നും സമൂഹ മാധ്യമങ്ങൾ വിമർശിക്കുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here