പ്രിയ സുഹൃത്തിന്‍റെ ഭൗതികശരീരം അവസാനമായി ഒരുനോക്കു കാണാൻ മോഹൻലാലെത്തി. ഇരിങ്ങാലക്കുടയിലെ ഇന്നസെന്റിന്റെ വീട്ടിലാണ് നടൻ എത്തിയത്. ‘എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല’ എന്ന് താരം ഫേസ്ബുക്കിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് കുറിച്ചിരുന്നു.
ഉറ്റ സുഹൃത്തുക്കളായിരുന്നു മോഹൻലാലും ഇന്നസെന്റും. ദേവാസുരത്തില്‍ നീലകണ്ഠനായി മോഹൻലാല്‍ തകർത്തഭിനയിച്ചപ്പോൾ വാര്യരെന്ന സുഹൃത്തായി ഇന്നസെന്റും പ്രേക്ഷകരുടെ പ്രിയങ്കരനായി. ഇരുവരുടെയും കോമ്പിനേഷനിൽ പിറന്ന സിനിമകൾ ചില്ലറയൊന്നുമല്ല മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചത്. ‘നാടോടിക്കാറ്റ്’, ‘കിലുക്കം’, ‘ചന്ദ്രലേഖ’, ‘അയാള്‍ കഥയെഴുതുകയാണ്’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, ‘വിയറ്റ്‍നാം കോളനി’, ‘കാക്കകുയില്‍’ തുടങ്ങി ഒട്ടേറെ ഹിറ്റുകളിൽ മോഹൻലാലും ഇന്നസെന്റും ഒന്നിച്ചഭിനയിച്ചു, പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലെ വീട്ടിൽ എത്തിച്ചത്. കൊച്ചിയിലെ ലേക്ക്ഷോർ ആശുപത്രിയിൽ ഞായറാഴ്ച്ച രാത്രി പത്തരോടെയായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. ശ്വാസതടസത്തെ തുടർന്ന് മാർച്ച് മൂന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഐസൊലേഷൻ വാർഡിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒയുടെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയത്. ഞായറാഴ്‌ച രാത്രി എട്ടിന് അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് ചേർന്നു. തുടർന്ന് 10.40-ന് മന്ത്രി പി രാജീവ് മരണവിവരം സ്ഥിരീകരിച്ചു. നാളെ രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here