താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. അതേസമയം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്‍റായി മോഹന്‍ലാല്‍ മൂന്നാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്. വൈകീട്ടാണ് ഫലപ്രഖ്യാപനം.
2018 ലെ വാര്‍ഷിക പൊതുയോഗത്തിലാണ് മോഹന്‍ലാല്‍ ആദ്യമായി അമ്മ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പടുന്നത്. പിന്നീട് 2021ല്‍ നടന്ന ഭാരവാഹിതെരഞ്ഞെടുപ്പിലും മോഹന്‍ലാല്‍ എതിരില്ലാതെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മോഹന്‍ലാല്‍ സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും നാമനിര്‍ദേശ പ്രതിക സമര്‍പ്പിക്കുകയായിരുന്നു. ഇത്തവണയും മോഹന്‍ലാലിന് ആരും എതിരുണ്ടായിരുന്നില്ല. അതേ സമയം വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരമാണ് നടക്കുന്നത്.
ഇടവേള ബാബു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്. ഇവരില്‍ ഒരാളായിരിക്കും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക. വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജുപിള്ള എന്നിവരാണ് മത്സരിച്ചത്. ഇവരില്‍ രണ്ടുപേര്‍ വൈസ് പ്രസിഡന്‍റുമാരാകും. ജോയിന്‍സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരിച്ചു. അതേ സമയം 11 അംഗ എക്സിക്യുട്ടീവിലേക്ക് 12 പേരാണ് മത്സരിച്ചത്. വൈകിട്ട് ഫലം പ്രഖ്യാപിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here