മലയാളക്കരയ്ക്കാകെ തീരാ നഷ്ടമായി മാറിയ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മഹാ നടനും.ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രത്തോടൊപ്പം ഓർമ്മ കുറിപ്പും പങ്കു വച്ച് കൊണ്ടാണ് മോഹൻലാൽ ദുഃഖം രേഖപ്പെടുത്തിയത്.ആർട്ടിസ്റ്റ് നമ്പൂതിരിയെപ്പറ്റി ഏറെ വൈകാരികമായതും വ്യകതിപരവുമായ ഓർമ്മകൾ പങ്കു വയ്ക്കുന്ന കുറിപ്പ് ഹൃദയസ്പർശിയാണ്. ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന് എന്ന് തുടങ്ങുന്ന കുറിപ്പിൽ ഒരു സഹോദരനെപ്പോലെ എന്നും തനിക്കരികിലുണ്ടായിരുന്നയാളാണ് നമ്പൂതിരി സർ എന്ന് മോഹൻലാൽ ഓർത്തെടുക്കുന്നു .
also read:ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണം കേരളത്തിലെ കലാരംഗത്ത് വലിയൊരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്; എം എ ബേബി
ആർട്ടിസ്റ്റ് നമ്പൂതിരിയുമായി വർഷങ്ങളുടെ ആത്മബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നും ദൈവത്തിന്റെ വിരൽസ്പർശമുള്ള ഒട്ടേറെ ചിത്രങ്ങൾ അദ്ദേഹം തനിക്ക് സമ്മാനിച്ചിട്ടുണ്ടെന്നും അവ താൻ നിധി പോലെ കാത്തു സൂക്ഷിക്കുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു.കുറിപ്പിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം
‘ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽസ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here