ആരാധകരെ ആവേശത്തിലാക്കി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ 25ാം വാർഷികച്ചടങ്ങിനെത്തിയപ്പോഴാണ് പ്രഭാഷണം കൊണ്ട് താരം ആരാധകരെ കയ്യിലെടുത്തത്. എനിക്കെന്റെ പിള്ളേരുണ്ടെടാ എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ വേദി മുഴുവൻ ഇളകി മറിയുകയായിരുന്നു. ഒരു നീണ്ട പ്രസംഗമായിരുന്നു മോഹൻലാൽ പരിപാഡിയിൽ അവതരിപ്പിച്ചത്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇത്രയും ദീർഘമുള്ള ഒരു പ്രസംഗം മോഹൻലാൽ അവതരിപികുനത്.
വാർഷികച്ചടങ്ങിൽ മോഹൻലാൽ സംസാരിച്ചതിന്റെ പൂർണ്ണരൂപം
‘‘പ്രിയപ്പെട്ട എന്റെ കൂട്ടുകാരെ, ക്ഷമാപണത്തോടെ നമുക്ക് ചടങ്ങുകൾ തുടങ്ങാം. വല്ലാണ്ടൊരു ട്രാഫിക് ബ്ലോക്കില്‍ പെട്ടുപോയി. അതിൽ നിന്നും രക്ഷപ്പെടാൻ വേറൊരു വഴിയെടുത്തുപ്പോൾ അവിടെയും ബ്ലോക്ക്. ഒരു മണിക്കൂറോളം താമസിച്ചു. ക്ഷമാപണത്തോടു കൂടി സംസാരിച്ചു തുടങ്ങാം. ഞാനൊരു പ്രസംഗമൊന്നും നടത്തുന്നില്ല, കുറച്ച് കാര്യങ്ങൾ പറയാം. ഈ സംഘടന എങ്ങനെ ഉണ്ടായി, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകളെയൊക്കെ ഓർത്തുകൊണ്ട് ഈ ചടങ്ങ് തുടങ്ങാം.
ഒരുപക്ഷേ നമ്മൾ പറഞ്ഞു തുടങ്ങുമ്പോൾ ഒരുപാട് പേരുടെ പേരുകൾ, പല കാര്യങ്ങൾ വിട്ടുപോകും. അതുകൊണ്ട് കുറച്ച് കാര്യങ്ങൾ എഴുതിവച്ചാണ് പറയുന്നത്. അതിൽ ആദ്യം പറയേണ്ടത്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ നടുവിൽ നിൽക്കുമ്പോൾ കിട്ടുന്ന സന്തോഷമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം. ‘‘ഞാനുണ്ട് ഏട്ടാ കൂടെ’’ എന്ന് ഒരായിരം പേർ ഒന്നിച്ചുപറയുമ്പോൾ കിട്ടുന്ന ആഹ്ലാദവും ആത്മവിശ്വാസവും മറ്റൊന്നിനും പകര്‍ന്നു തരാനാകില്ല എന്നു ഞാൻ വിശ്വസിക്കുന്നു.
ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ എന്ന സൗഹൃദകൂട്ടായ്മയുടെ 25ാം വർഷമാണിത്. ഇന്നിവിടെ എന്റെ പ്രിയപ്പെട്ടവരുടെ നടുവിൽ നിൽക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും പകർന്നു നൽകുന്ന സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ എത്ര ധന്യമാണ് എന്റെ ജന്മം എന്ന് ഓർത്തുപോകുകയാണ്. നേരില്‍ കാണുമ്പോൾ ഒന്നിച്ചൊരു ഫോട്ടോ അല്ലാതെ മറ്റൊന്നും ആവശ്യപ്പെടാറില്ല, സ്നേഹമില്ലാതെ മറ്റൊന്നും നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഒരു നടനെന്ന നിലയിൽ ഇതിൽകൂടുതൽ എന്താണ് എനിക്ക് വേണ്ടത്. കഴിഞ്ഞ 43 വർഷത്തിനിടെ മലയാളികളുടെ മനസിൽ പ്രിയപ്പെട്ട ഒരു സ്ഥാനം നേടാനായത് നിങ്ങൾ ഓരോരുത്തരുടെയും സ്നേഹം കൊണ്ടും പ്രാർഥന കൊണ്ടും മാത്രമാണ്.
മതിലുകളിൽ പതിച്ച പോസ്റ്ററുകളേക്കാൾ എത്രയോ വലുതാണ് നിങ്ങളുടെ മനസില്‍ നിറഞ്ഞ പുഞ്ചിരി. നിങ്ങളുടെ ലാലേട്ടനായി എന്നെ നെഞ്ചോടു ചേർത്തുപിടിക്കുമ്പോൾ ഞാനനുഭവിക്കുന്ന സന്തോഷവും സുരക്ഷിതാ ബോധവും ഏത് അവാർഡുകളേക്കാളും വലുതായിരിക്കും എന്നു ഞാൻ വിശ്വസിക്കുന്നു. മുന്നോട്ടുള്ള എന്റെ യാത്രയുടെ ശക്തിയും ഊർജവും പ്രിയപ്പെട്ടവരായ നിങ്ങൾ പകർന്നു നൽകുന്ന സ്നേഹവും കരുതലും തന്നെയാണ്.
ALSO READ: ഇതാണ് കേരളം ഗവർണറെ; ഓർമിപ്പിച്ച് മന്ത്രി എം ബി രാജേഷിന്റെ എഫ് ബി പോസ്റ്റ്
ഏത് പ്രതിസന്ധിയിലും വിളിച്ചു പറയാൻ എന്റെ മനസിൽ സിനിമയിലെ തിരക്കഥയിലെന്ന പോലെ ഉറച്ചൊരു വാചകമുണ്ട്,, ‘‘എനിക്കെന്റെ പിളേളേരുണ്ടടാ’’…
ഈ വൈകാരിക നിമിഷങ്ങളിൽ എന്റെ മനസ്സ് കുറച്ച് പിന്നോട്ടുപോകുകയാണ്. 1984–85 കാലഘട്ടം. വില്ലനായി തുടങ്ങി വെളളിത്തിരയിൽ നായകനായി കുറേയെറെ ചിത്രങ്ങൾ ചെയ്ത് കാലുറപ്പിച്ച ഒരു കാലമാണത്. ശ്രീകൃഷ്ണപ്പരുന്ത്, അഴിയാത്ത ബന്ധങ്ങൾ, ഒന്നുമുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകൾ ചെയ്ത ആ കാലത്താണ് തിരുവനന്തപ്പുരത്തെ രാജാജി നഗര്‍ നിവാസിയായ വിജയൻ, അദ്ദേഹം ഒരു ഓട്ടോഡ്രൈവറായിരുന്നു. സുരേന്ദ്രൻ, ജയൻ ആ സഹോദരങ്ങള്‍ ഇപ്പോൾ നമ്മോടൊപ്പമില്ല. സിഐടിയുവിലെ സുനിൽ തുടങ്ങി കുറച്ച് കൂട്ടുകാര്‍ ചേര്‍ന്നാണ് മോഹൻലാൽ ഫാൻസ് അസോസിഷേയൻ തുടങ്ങുന്നത്. തിരുവനന്തപുരത്ത് പലയിടങ്ങളിലും എന്നെ സ്നേഹിക്കുന്ന ചെറുതും വലുതുമായ പല യൂണിറ്റുകൾ തുടങ്ങുന്നു. ചുറ്റം പടരുന്ന സ്നേഹവലയമാണ് ഒരു സിനിമാ താരത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ അറിവോ സമ്മതമോ കൂടിയാണ് ഈ കൂട്ടായ്മകൾ പലതും തുടങ്ങിയത്. സ്നേഹിക്കാൻ എന്തിനാ ലാലേട്ടാ സമ്മതം എന്നാണ് അന്ന് അവർ എന്നോടുചോദിച്ചത്. ആ ചോദ്യത്തിന് മുന്നിൽ മറുത്തൊന്നും പറയാൻ എനിക്കു കഴിഞ്ഞില്ല. എന്റെ പേരിൽ മത്സരങ്ങളൊന്നും പാടില്ലെന്ന നിബന്ധന ഞാൻ പങ്കുവച്ചു. അതിനെ തുടർന്നാണ് എല്ലാ യൂണിറ്റുകളും ചേർന്ന് 1998 സെപ്റ്റംബർ രണ്ടിന് ചാക്ക കെയർ ഹോമിൽ വച്ച് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫയർ അസോസിയേഷന്‍ ആരംഭിച്ചത്. അത് ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂക്കയാണ്. ഞാൻ ഇച്ചാക്ക എന്നു വിളിക്കുന്ന മമ്മൂട്ടിക്ക. എന്റെ സഹോദര തുല്യനായ ഇച്ചാക്കയോടുള്ള സ്നേഹം ഈ അവസരത്തിൽ പ്രത്യേകമായി ഞാൻ എടുത്തു പറയുന്നു. വർഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞങ്ങൾ തമ്മിൽ. എന്റെ സിനിമായാത്രയിൽ എപ്പോഴും എന്റെ കൂടെ അദ്ദേഹം ഉണ്ട്. ഒന്നിച്ചു നിൽക്കുമ്പോൾ ഒന്നിച്ചു വളരാൻ കഴിയുന്നതാണ് സ്നേഹബന്ധത്തിന്റെ ശക്തി. അദ്ദേഹം തുടങ്ങിവച്ച ഈ പ്രസ്ഥാനം 25 കഴിഞ്ഞിട്ടും വളരെ നന്നായിപ്പോകുന്നു എന്നത് അദ്ദേഹത്തിന്റെ ഗുരുത്വമാണ്.
ഇന്ന് േകരളത്തിലെ പതിനാല് ജില്ലകളിലും എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ ഈ കൂട്ടായ്മ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നു എന്നത് വ്യക്തിപരമായി സന്തോഷം നൽകുന്നു. േകവലം ആരാധനയും ആർപ്പുവിളികളും ആകരുത്, അതിനപ്പുറം സഹജീവികൾക്ക് താങ്ങും തണലും നൽകുന്ന നന്മ നിറഞ്ഞ കൂട്ടായ്മയാകണം എന്ന എന്റെ ഏക നിർദേശത്തെ നിങ്ങൾ ഓരോരുത്തരും ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. എണ്ണമറ്റ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നൂറ്കണക്കിന് സഹോദരരെ സഹായിക്കുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. അതുപോലെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ കൂട്ടായ്മ ചെയ്യുന്നതിൽ അഭിമാനമുണ്ട്, സന്തോഷമുണ്ട്.
സ്നേഹിക്കാൻ എന്തിനാ ലാലേട്ടാ സമ്മതം എന്ന് അന്ന് ചോദിച്ച നിങ്ങള്‍, ഇന്ന് സ്നേഹം മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ എന്തിനാ ലാലേട്ടാ മടി എന്നു ചോദിക്കുമ്പോൾ ഹൃദയത്തിൽ നിറയുന്ന വികാരത്തെ എന്തുപേരിട്ടു വിളിക്കണമെന്നറിയില്ല. നന്മ പകർന്ന് മറ്റുള്ളവർക്ക് വെളിച്ചം പകർന്ന് നിങ്ങൾ മുന്നോട്ടുപോകുമ്പോൾ ഒരു കൂട്ടുകാരനായി ഞാൻ എപ്പോഴും കൂടെയുണ്ടാകും. നിങ്ങൾ നീട്ടുന്ന ഓരോ സഹായഹസ്തത്തിലും എന്റെ സ്നേഹത്തിന്റെ ചൂടുണ്ട്. ഇരുട്ടിൽ നിന്നും തിരശീലയിലേക്ക് വീഴുന്ന വെളിച്ചമാണ് സിനിമ. ആ സിനിമയുടെ ഭാഗമായ എനിക്ക്, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നിങ്ങൾ കൈപിടിച്ചുയർത്തുന്ന ജീവിതങ്ങളുടെയും ഒരുഭാഗമാകാൻ കഴിയുന്നത് ഭാഗ്യമായി കഴിയുന്നു.
വിമൽ കുമാർ ഈ സംഘടനയെ 25 വര്‍ഷം മുന്നിൽ നിന്ന് നയിച്ച ആളാണ്. ആരോഗ്യ പ്രശ്നം കാരണം അദ്ദേഹത്തിന് ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞില്ല. അവർ എടുത്ത പ്രയത്നങ്ങൾ വിലമതിക്കാനാകാത്തതാണ്. ഈ സൗഹൃദം എന്നും ശക്തിയായി തന്നെ മുന്നോട്ടുപോകും. രാജീവ്, സാജൻ, ബിനു,വർക്കി കോട്ടയം, ഷിബിൻ, രാജൻ മലപ്പുറം തുടങ്ങി എല്ലാവരെയും ഈ അവസരത്തിൽ ഓർക്കുന്നു. പല സംവിധായകരും മറ്റു സുഹൃത്തുക്കളും ഇതിലെ അംഗങ്ങളും രക്ഷാധികാരികളുമാണ്.
മത്സരബുദ്ധിക്ക് ഉപരിയായി ശക്തമായ സൗഹൃദത്തിന്റെ അടിത്തറയാണ് ഈ സംഘടനയുടെ കരുത്ത്. സ്നേഹബന്ധങ്ങൾക്കു വില കൊടുക്കുക, കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുക. ഈ കാലഘട്ടത്തിൽ ഈ യാത്ര അത്ര എളുപ്പമല്ല എന്നെനിക്ക് അറിയാം. പക്ഷേ നിങ്ങളുടെ ഓരോരുത്തരുടെയും നിസ്വാർഥമായ സേവനം കൊണ്ട് ഈ യാത്ര എളുപ്പമാകും എന്നാണ് എന്റെ വിശ്വാസം. സ്നേഹബന്ധങ്ങൾ കൊണ്ട് എല്ലാവരെയും ഒന്നിപ്പിക്കാം. കാലങ്ങളോളം ഇത് മുന്നോട്ടുനയിക്കാൻ കഴിയണം.
സിനിമയ്ക്കുപരിയായി എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഒട്ടേറെ സഹോദരങ്ങൾക്ക് കൈത്താങ്ങും തണലുമായി മാറാൻ നിങ്ങൾക്കു കഴിയട്ടെ. അതിന്റെ ഒരു ഭാഗമാകാൻ എനിക്കും സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. എവിടെ ഇരുന്നാലും നിങ്ങളുടെ ലാലേട്ടനായി ഞാനുണ്ടാകും. ഞാൻ നേരത്തെ പറഞ്ഞതുപോലെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ചുറ്റും നിങ്ങളുള്ളപ്പോൾ എനിക്കു വേറെന്താ വേണ്ടെ.’’–മോഹൻലാൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here