ഇനിയും ഇന്ത്യൻ ടീമിൽ ധാരാളം മലയാളി സാന്നിധ്യമുണ്ടാകുമെന്നും അതിനുള്ള തുടക്കമാകട്ടെ കേരള ക്രിക്കറ്റ് ലീഗ് എന്നും മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ സംബന്ധിച്ച് ഏറ്റവുമധികം ആരാധകരുള്ള രണ്ട് കായിക മത്സരങ്ങളാണ് ക്രിക്കറ്റും ഫുട്ബോളും. രണ്ടിന്റെയും ഏത് മത്സരത്തിനും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മലയാളികൾ ലോകത്തെങ്ങും ഉണ്ട്. 1983 ൽ ലോർഡ്‌സിൽ ലോകകപ്പിൽ കപിൽ ദേവിന്റെ ‘ചെകുത്താൻ കൂട്ടം’ എന്നറിയപ്പെടുന്ന ഇന്ത്യൻ സ്‌ക്വാഡിൽ ഉണ്ടായിരുന്ന സുനിൽ വത്സൻ ആരും മറക്കില്ല. കളിക്കാൻ അവസരം കിട്ടിയില്ലെങ്കിലും സുനിൽ നമ്മളോരോരുത്തരുടേയും സ്വകാര്യ അഹങ്കാരമാണ്.
Also Read: ലോകത്തിലെ ഏറ്റവും ധനികരായ പ്രവാസി ഇന്ത്യക്കാരുടെ പട്ടിക പുറത്ത് ; യൂസുഫ് അലിയുടെ സ്ഥാനം അറിയാം
പിന്നീട് ഇന്ത്യ ലോകകപ്പ് നേടിയ ഓരോ തവണയും മലയാളി കളിക്കാരുണ്ടായിരുന്നു. 2007 ലെ ടി 20 ലോകകപ്പിൽ ഇന്ത്യ ലോകകപ്പ് നേടിയത് ശ്രീശാന്ത് എന്ന ഉശിരൻ മലയാളിയുടെ കാച്ചിലാണ്. 2011 ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. ഇത്തവണ ആ ഭാഗ്യം ലഭിച്ചത് സഞ്ജു സാംസണാണ്. ഇനിയും ഇടവേളകളില്ലാതെ ഇന്ത്യൻ ടീമിൽ മലയാളികളുടെ സാന്നിധ്യമുണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതിനുള്ള ശക്തമായ തുടക്കമാകും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കേരള ക്രിക്കറ്റ് ലീഗ്. സൂക്ഷ്മമായി കളിക്കാരെ നിരീക്ഷിച്ച് അവരെ ടീമിലെടുത്ത ഫ്രാഞ്ചൈസികളെ പ്രത്യേകം അഭിനന്ദിക്കുന്നു. അവർ കേരളത്തിലെ ക്രിക്കറ്റിനെ സ്നേഹിക്കുന്നു. ഞങ്ങൾ കളിച്ച് വളർന്നത് ഓലപ്പന്തും ഓലമടലിലെ ബാറ്റും കൊണ്ടാണ്.
എന്നാൽ ഇന്നത്തെ തലമുറ ധോണി മുതൽ സഞ്ജു വരെ ഒപ്പിട്ട ബാറ്റുമായാണ് കളിച്ച് തുടങ്ങുന്നത്. ക്രിക്കറ്റ് പരിശീലിക്കാൻ മികച്ച അവസരമാണ് കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും നൽകുന്നത്. പരിശീലകരുടെ ശ്രമങ്ങളുടെ കൂടെ ഫലമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കേരളത്തിന് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുന്നത്. വനിതാ ഇന്ത്യൻ ടീമിൽ ഈ വർഷം മൂന്ന് മിടുക്കികളാണ് കേരളത്തിൽ നിന്ന് വന്നിട്ടുള്ളത്. മിന്നു മണി, ആശാ ശോഭന, സജ്ന സജീവൻ. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനം വിലയിരുത്താൻ ഇത് തന്നെ ധാരാളമാണ്. ഇനിയും അവർക്ക് ഇക്കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here