തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് മോഹൻലാൽ. ഇക്കാര്യം ആദ്യമായാണ് കേൾക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എല്ലാ മേഖലയിലും നടക്കുന്ന പോലുള്ള കാര്യങ്ങൾ സിനിമയിലും നടക്കുന്നുണ്ടെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻലാൽ പറഞ്ഞു. സിനിമ കോൺകളേവുമായി പൂർണമായും സഹകരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. താൻ അഭിനയിക്കുന്ന സിനിമയിലെ കാര്യങ്ങൾ തനിക്ക് പറയാൻ കഴിയുക. ഹേമ കമ്മറ്റി റിപ്പോർട്ടിലെ കാര്യങ്ങൾക്ക് ഉത്തരം പറയേണ്ടത് മലയാളസിനിമ മുഴുവൻ ആണ്. എല്ലാത്തിനും അമ്മയെ കുറ്റപ്പെടുത്തുന്ന രീതിയായി മാറിയെന്നും മോഹൻലാൽ പറഞ്ഞു.
സിനിമയിലെ മുതിർന്ന ആളുകളുമായും നിയമ വിദഗ്ധരുമായും ആലോചിച്ചാണ് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് മോഹൻലാൽ പറഞ്ഞു. പക്ഷേ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ കമ്മിറ്റി നിലനിർത്തണം. തങ്ങൾ എന്താണ് ചെയ്യേണ്ടത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു മേഖലയാണ് സിനിമ. ദയവുചെയ്ത് ആ മേഖലയെ തകർക്കരുത്. സർക്കാരും കോടതിയും ഒക്കെയുണ്ട്. ഹേമ കമ്മിറ്റിയിലെ കാര്യങ്ങൾ അവർ ചെയ്‌തുകൊള്ളും. ദയവു ചെയ്തു ചെറിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധനൽകി മലയാള സിനിമയെ തകർക്കരുത്. അമ്മയിലുള്ളവർക്ക് പലതരത്തിലുള്ള വിയോജിപ്പുകൾ ഉണ്ട്. അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
തോൽവിയോ ഒളിച്ചോട്ടമോ അല്ല ഇതെന്ന് മോഹൻലാൽ പറഞ്ഞു. വിമർശിക്കുന്ന ആളുകൾ മുന്നോട്ടു വരട്ടെ. ഹേമ കമ്മിറ്റി സംസ്ഥാന സർക്കാരിന്റെ മികച്ച തീരുമാനം. മേഖലയെ മികച്ചതായി മുന്നോട്ട് പോകാൻ സാധിക്കണം. ഇത്തവണത്തെ അമ്മ ഷോയുടെ ലാഭവിഹിതം വയനാട്ടിൽ നൽകും. അമ്മയിൽ തെറ്റുകുറ്റങ്ങൾ ഉണ്ടായേക്കാം. സിനിമയിലുള്ള മുഴുവൻ ആളുകൾക്കും സംസാരിക്കാനുള്ള സമയമാണ്. സിനിമ മേഖല പരിഷ്കരിക്കപ്പെടട്ടെയെന്നും മോഹൻലാൽ പറഞ്ഞു.
Also Read- ‘എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല; എല്ലാ മേഖലയിലും നടക്കുന്ന കാര്യങ്ങൾ സിനിമയിലും ഉണ്ട്’: മോഹൻലാൽ
വാർത്ത സമ്മേളനങ്ങൾ അഭിമുഖീകരിച്ചു പരിചയമില്ലെന്ന് മോഹൻലാൽ പറഞ്ഞു. താൻ ഒളിച്ചോടി പോയിട്ടില്ല. നാളുകളായി കേരളത്തിൽ ഉണ്ടായിരുന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട് മാറിനിൽക്കേണ്ടി വന്നു. ഷൂട്ടിംഗ് തിരക്കുണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഒരു മുന്നേറ്റമായി ഹേമ കമ്മിറ്റി മാറട്ടെയെന്ന് മോഹൻലാൽ പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എല്ലാവരുടെയും അഭിപ്രായം അതു തന്നെയായിരിക്കും. എല്ലാവരും സഹകരിച്ച് ഒരു പ്രതിസന്ധി മറികടക്കണം. പ്രളയവും ഉരുൾപൊട്ടലും നമ്മൾ അതിജീവിച്ചു. സിനിമ വ്യവസായം തകരാതിരിക്കാൻ ശ്രദ്ധിക്കണം. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഒരു അസോസിയേഷൻ ഉണ്ടാകണം. എന്തെങ്കിലും പരാതികൾ ഉണ്ടാകുമ്പോൾ അവർക്ക് അതിൽ പറയാൻ കഴിയണമെന്നും മോഹൻലാൽ പറഞ്ഞു.
സിനിമ സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ ഒരു കുടുംബം പോലെയാണ്. ഏറ്റവും വലിയ അസോസിയേഷൻ ആണ് അമ്മ. പേർക്ക് നന്മ ചെയ്യാൻ അമ്മക്ക് കഴിഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞു.
ആര് സംസാരിച്ചു ആര് സംസാരിച്ചില്ല എന്നതല്ല, മാറ്റമുണ്ടാകണം എന്നുള്ളതാണ് കാര്യമെന്ന് മോഹൻലാൽ പറഞ്ഞു. ഏറ്റവും നല്ല സിനിമ മേഖലയായി മലയാള സിനിമ മാറിയ സമയമാണ്. കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളിൽ അന്വേഷണം നടക്കേണ്ടത് കോടതിയുടെ നിർദ്ദേശപ്രകാരമാണെന്നും മോഹൻലാൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here