കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ സിജിഎച്ച്എസിന്റെ പരിധിയില്‍ കൊണ്ടുവരും; ഡോ ജോണ്‍ ബ്രിട്ടാസ് എംപിയ്ക്ക് ഉറപ്പ് നല്‍കി സിജിഎച്ച്എസ് അധികൃതര്‍

സിജിഎച്ച്എസ് ചികില്‍സ നിരക്കുകള്‍ പരിഷ്‌കരിച്ചതിന്റെ വെളിച്ചത്തില്‍ കേരളത്തിലെ, പ്രത്യേകിച്ച് വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്വകാര്യ ഹോസ്പിറ്റലുകളെ സിജിഎച്ച്എസ് പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നതിന് വേണ്ട നടപടികള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിക്ക് ഡോ ജോണ്‍ ബ്രിട്ടാസ് എംപി ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കത്ത് നല്‍കിയിരുന്നു. ഇതിന് മറുപടിയായി കേരളത്തിലെ, പ്രത്യേകിച്ച് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ സിജിഎച്ച്എസ് പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നതിന് വേണ്ട സത്വര നടപടികള്‍ എടുക്കുമെന്ന ഉറപ്പാണ് സിജിഎച്ച്എസ് അധികൃതര്‍ നല്‍കിയത്.

Also Read: കേരള ടൂറിസത്തിൻ്റെ സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം

ഡയഗ്‌നോസ്റ്റിക് സെന്ററുകളും ഇമേജിംഗ് സെന്ററുകളും ഉള്‍പ്പെടെ 27 ആരോഗ്യ പരിപാലന സ്ഥാപനങ്ങള്‍ മാത്രമാണ് നിലവില്‍ കേരളത്തില്‍ സിജിഎച്ച്എസ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും തിരുവനന്തപുരത്താണ് താനും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വളരെ കുറച്ച് ആശുപത്രികള്‍ മാത്രമാണ് കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ഈ ആരോഗ്യ പദ്ധതിക്ക് കീഴിലുള്ളത്. കുറഞ്ഞ നിരക്കുകള്‍, ബില്ലുകള്‍ പാസാക്കുന്നതിലെ കാലതാമസം എന്നിവയും മറ്റും കാരണം കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ സ്വകാര്യ ആശുപത്രികള്‍ സിജിഎച്ച്എസ് പദ്ധതിയില്‍ ഭാഗഭാക്കാവുന്നതിന് വിമുഖത പ്രകടിപ്പിക്കുകയായിരുന്നു എന്ന് സിജിഎച്ച്എസ് അസീഷണല്‍ ഡയറക്ടര്‍ എംപിയ്ക്ക് അയച്ച മറുപടി കത്തില്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ സിജിഎച്ച്എസ്സിന്റെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ നേരിട്ട് കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശിച്ച് സിജിഎച്ച്എസ് പദ്ധതിയില്‍ എംപാനല്‍ ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും നിരവധി സ്വകാര്യ ആശുപത്രികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പദ്ധതിയില്‍ അംഗങ്ങള്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും സിജിഎച്ച്എസ് അധികൃതര്‍ അറിയിച്ചു. കൂടാതെ മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും സിജിഎച്ച്എസ് പെന്‍ഷന്‍ക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം നല്‍കുന്നതിന് സമ്മതം അറിയിച്ചുകൊണ്ട് കത്ത് ലഭിച്ചിട്ടുണ്ടെന്നും സിജിഎച്ച്എസ് അധികൃതര്‍ അറിയിച്ചു.

ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കൈയില്‍ നിന്നും വലിയ തുകകള്‍ ഈ ഇനത്തില്‍ ഈടാക്കിയ ശേഷവും വേണ്ടത്ര ചികില്‍സാ സൗകര്യങ്ങള്‍ കേരളത്തില്‍ ലഭ്യമാക്കുന്നില്ല എന്ന വസ്തുത ഡോ. ജോണ്‍ ബ്രിട്ടാസ് എംപി നിരവധി തവണ പാര്‍ലമെന്റിന് അകത്തും പുറത്തും ഉന്നയിച്ചിരുന്നു. കേരളത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ സിജിഎച്ച്എസ് പദ്ധതിക്കു കീഴില്‍ വരുന്നത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും കൂടുതല്‍ ഉപകാരപ്രദമാകുമെന്നും അതിനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ സിജിഎച്ച്എസ് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും ഡോ ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News