ഫേസ്ബുക്കിനെയും ടിക് ടോക്കിനെയും വരെ കടത്തി വെട്ടിക്കൊണ്ടായിരുന്നു സോഷ്യൽ മീഡിയ രംഗത്തേക്കുള്ള സ്നാപ്ചാറ്റിന്‍റെ എൻട്രി. ഇപ്പോഴും പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഇൻസ്റ്റഗ്രാമിനെക്കാളും ആളുകൾ ഉപയോഗിക്കുന്നത് സ്നാപ്ചാറ്റ് ആണെന്നതാണ് വസ്തുത. മുതിർന്നവരേക്കാൾ കുട്ടികളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു നഗ്ന സത്യം. ഓൺലൈൻ ഗ്രൂമിംഗിനായി ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി സ്‌നാപ്‌ചാറ്റ് മാറിയെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ ചാരിറ്റിയായ എൻഎസ്‌പിസിസിയാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്‍റർനെറ്റ് തന്ത്രങ്ങളെയാണ് ഓൺലൈൻ ഗ്രൂമിംഗ് എന്നതു കൊണ്ട് അർഥമാക്കുന്നത്.
ALSO READ; ഇനി പിഡിഎഫുകൾ കുത്തിയിരുന്ന് വായിക്കേണ്ട, ചാറ്റ് ജിപിടി വച്ചുള്ള ഈ വിദ്യ അറിഞ്ഞിരുന്നാൽ മതി
2024 മാർച്ച് വരെയുള്ള കാലയളവിൽ യുകെയിലുടനീളം ഇത്തരത്തിലുള്ള 7,000-ലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഗ്രൂമിംഗുമായി ബന്ധപ്പെട്ട കേസുകളിൽ പകുതിയോളം സ്‌നാപ് ചാറ്റ് എന്ന് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നടത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ടെക് കമ്പനികൾ അവരുടെ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്കും വേണ്ടിയുള്ള സുരക്ഷിത ഇടമായി മാറ്റുമെന്ന ചിന്തയിലാണ് ഇന്നത്തെ സമൂഹം മുന്നോട്ട് പോകുന്നതെന്ന് എൻഎസ്‌പിസിസി വ്യക്തമാക്കി. എന്നാൽ യുവജനങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരോട് യാതൊരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും കൗമാരക്കാർക്കും അവരുടെ രക്ഷിതാക്കൾക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്‌നാപ് ചാറ്റ് അധികൃതർ വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.
സ്‌നാപ് ചാറ്റുമായി ബന്ധപ്പെട്ട് പുറത്തു വന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നാണ് കുട്ടികളുടെ സംരക്ഷണത്തിനായുള്ള നാഷണൽ പൊലീസ് ചീഫിന്‍റെ കൗൺസിൽ ലീഡ് ബെക്കി റിഗ്‌സിന്‍റെ പ്രതികരണം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം അവർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ ഇടങ്ങൾ സൃഷ്ടിക്കുന്ന കമ്പനികളുടേതാണെന്നും, കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പാലിക്കേണ്ട നിയമങ്ങൾ ശക്തിപ്പെടുത്തുന്നുമെന്നും അവർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here