എരുമേലിയില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ കടിച്ചോടിച്ച് അമ്മയും മകളും

വീടിനുള്ളില്‍ മോഷ്ടിക്കാനെത്തിയ കള്ളന്മാരെ കടിച്ചോടിച്ച് അമ്മയും മകളും. പത്തനംതിട്ട എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം നടന്നത്. പലകക്കാവില്‍ ശാന്തിനഗര്‍ പുത്തന്‍പുരയ്ക്കല്‍ സജിയുടെ വീട്ടിലെത്തിയ കള്ളന്മാരെയാണ് ഭാര്യ മേഴ്‌സിയും ഗര്‍ഭിണിയായ മകള്‍ മെല്‍ബിനും ചേര്‍ന്ന് ഓടിച്ചത്.

മേഴ്‌സിയും മകള്‍ മെല്‍ബിനും ഒരു മുറിയിലും സജിയും മകനും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്. അര്‍ദ്ധരാത്രി ഒരുമണിയോടെ വീടിന് പുറത്ത് ആരോ സംസാരിക്കുന്നതുപോലെ മേഴ്‌സിക്കും മെല്‍ബിനും തോന്നി. എന്നാല്‍ തോന്നിയതാകാമെന്ന് കരുതി ഇരുവരും എഴുന്നേറ്റില്ല. തൊട്ടുപിന്നാലെ പിന്‍ഭാഗത്തെ വാതില്‍ കുത്തി തുറന്ന് കള്ളന്മാര്‍ അകത്ത് പ്രവേശിച്ചു. അകത്തുകയറിയ മോഷ്ടാക്കളില്‍ ഒരാള്‍ മേഴ്‌സിയുടെ കിടപ്പുമുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. മുറിയില്‍ ചെറിയ പ്രകാശം ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിനെ കണ്ട് മേഴ്‌സി ബഹളംവെച്ചു.

ഇതോടെ പരിഭ്രാന്തനായ കള്ളന്‍ മേഴ്‌സിയുടെ വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഈ സമയം മേഴ്‌സി മോഷ്ടാവിന്റെ കയ്യില്‍ കടിക്കുകയായിരുന്നു. ഇതിടെ മേഴ്‌സിയെ സഹായിക്കാനായി മെല്‍ബിനും മോഷ്ടാവിന്റെ കയ്യില്‍ കടിച്ചു. ഈ സമയം മറ്റൊരു മോഷ്ടാവു കൂടി മുറിയില്‍ കടന്ന് മെല്‍ബിന്റെ കഴുത്തില്‍ പിടിക്കാന്‍ ശ്രമിച്ചു. ഇരുവരും ഉച്ചത്തില്‍ അലറി വിളിച്ചതോടെ സജി ഉണര്‍ന്നു. നിലവിളി ശബ്ദം കേട്ട സജി ആദ്യം കരുതിയത് ഭാര്യയ്‌ക്കോ മകള്‍ക്കോ ഷോക്കേറ്റന്നാണ്. തുടര്‍ന്ന് സജി മെയിന്‍ സ്വിച്ച് ഓഫാക്കിയ ശേഷം ലൈറ്റുമായിട്ടാണ് ഭാര്യയും മകളും കിടന്ന മുറിയിലേക്ക് ഓടിയെത്തി. ഈ സമയം മോഷ്ടാക്കള്‍ മുറ്റത്തേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെന്നു കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News