പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്ന സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടന്‍ ആന്റണി വര്‍ഗീസിന്റെ അമ്മ. ജൂഡിനെതിരെ വക്കീല്‍ മുഖേനയാണ് ആന്റണി വര്‍ഗീസിന്റെ അമ്മ അല്‍ഫോണ്‍സ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ജൂഡ് ആന്റണിയുടെ ആരോപണങ്ങള്‍ കുടുംബത്തെയാകെ വിഷമിപ്പിച്ചുവെന്ന് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ച് ആന്റണി പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജൂഡിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആന്റണി ഉന്നയിച്ചത്.
പണം വാങ്ങി സിനിമയില്‍ നിന്ന് പിന്മാറിയെന്നതടക്കം ആന്റണിക്കെതിരെ ജൂഡ് ഉന്നയിച്ച ആരോപണങ്ങള്‍ വിവാദമായിരുന്നു. ഈ പണം ഉപയോഗിച്ചാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആന്റണി ആരോപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയില്ലെങ്കില്‍ ആന്റണിയില്ലെന്ന ആരോപണവും ജൂഡ് ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ആന്റണി വര്‍ഗീസ് രംഗത്തെത്തിയത്. അഭിനയിക്കാമെന്നേറ്റ സിനിമയില്‍ നിന്ന് പിന്മാറിയെങ്കിലും പണം തിരിച്ചു നല്‍കിയിരുന്നുവെന്ന് ആന്റണി പറഞ്ഞു. നിര്‍മാതാവില്‍ നിന്ന് വാങ്ങിയ പണം താന്‍ തിരിച്ചു നല്‍കിയത് 2020 ജനുവരി 27നാണ്. ഇതു കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിക്ക് വിവാഹാലോചന തന്നെ വരുന്നത്. സഹോദരിയുടെ വിവാഹം 2021 ജനുവരിയിലായിരുന്നു. ഈ വിഷയം മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്നും ആന്റണി പറയുന്നു. തന്നെക്കുറിച്ച് എന്ത് ആരോപണങ്ങളും പറയാം. തന്റെ ഭാഗത്ത് ന്യായം ഉണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്. എന്നാല്‍ കുടുംബത്തെ സൈബര്‍ ഇടങ്ങളില്‍ വേട്ടയാടി. ഭാര്യയുടെ സമൂഹ മാധ്യമ അക്കൗണ്ടില്‍ മോശം പ്രതികരണങ്ങളുണ്ടായി. കുടുംബത്തിന് വേദനിച്ചതുകൊണ്ടാണ് പ്രതികരിക്കാമെന്ന് തീരുമാനിച്ചതെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട എഗ്രിമെന്റും ആന്റണി പുറത്തുവിട്ടു. സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുവെന്നും അതേപ്പറ്റി ജൂഡിനോട് സംസാരിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും ആന്റണി പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. അത് തിരിച്ചറിഞ്ഞാണ് പിന്മാറിയത്. ജൂഡ് ആന്റണി നടത്തിയത് വ്യക്തിഹത്യയാണെന്നും ആന്റണി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here