കലൂര്‍ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ എംഡി നിഗോഷ് കുമാർ അറസ്റ്റിൽ. കൊച്ചി എസിപിയുടെ നേതൃത്വത്തിൽ 7 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നിഗോഷ് കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മൃദംഗ വിഷൻ എംഡി നിഗോഷ് കുമാർ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ കൊച്ചി എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി.
നിഗോഷിനെ നാളെ കോടതിയിൽ ഹാജരാക്കും. അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതികളോട് ഹൈക്കോടതിയാണ് പോലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയത്. അതേസമയം ഓസ്കാർ ഇവൻ്റ് മാനേജ്മെൻറ് ഉടമ പിഎസ് ജനീഷ് ഹാജരായില്ല.
ALSO READ; ശബരിമലയില്‍ എക്‌സൈസ് പരിശോധന ശക്തം; 65 റെയ്ഡുകൾ, 195 കേസുകള്‍
ആരോഗ്യ കാരണത്താൽ വരാൻ കഴിയില്ലെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. നിഗോഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പിനും പോലീസ് കേസുണ്ട്. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിലയിരുത്തി. ശ്വാസകോശത്തിനു പുറത്തുള്ള നീർക്കെട്ടിൽ ആശങ്കപ്പെടേണ്ടതില്ലെന്നും രണ്ടു ദിവസത്തിനകം വെന്റിലേറ്റർ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് വ്യാഴാഴ്ച വൈകിട്ട് ഉമാ തോമസിനെ സന്ദർശിച്ച കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ പ്രതികരിച്ചു.
ഇതിനിടെ ഉമാ തോമസ് എം എൽ എ അപകടത്തിൽപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാവീഴ്ച ഇതിൽ വ്യക്തമാണ്. കസേരകൾക്കു മുന്നിൽ ഒരാൾക്ക് കഷ്ടിച്ച് നടക്കാവുന്ന സ്ഥലം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ദൃശ്യങ്ങളിൽ കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here